ദുബായ്: യുഎഇയിൽ മതസ്പർധ വളർത്തുക എന്ന ലക്ഷ്യത്തോടെ ആരാധനാലയത്തിന് തീയിട്ട യുവാവിന് ജയിൽ ശിക്ഷ. ഫെഡറൽ സുപ്രീം കോടതിയാണ് ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തുകയും തിങ്കളാഴ്ച ശിക്ഷ വിധിക്കുകയും ചെയ്തത്. ഇയാളുടെ പ്രവൃത്തി ഭീകരവാദമാണെന്നും കോടതി വ്യക്തമാക്കി.
34കാരനായ വിദേശിയായ യുവാവിനെ 10 വർഷത്തെ തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്. അബുദാബി കോടതിയുടെ ശിക്ഷ സുപ്രീം കോടതി ശരിവെച്ചു. ജയിൽ ശിക്ഷയ്ക്ക് ശേഷം കോടതി നടപടികൾക്കുള്ള പണം ഈടാക്കി ഇയാളെ നാടുകടത്തും. ഇയാൾ ഏത് രാജ്യക്കാരനാണെന്ന് വ്യക്തമല്ല.
സ്പർധയുണ്ടാക്കാനായി ഇയാൾ മനപൂർവം ആരാധനാലയത്തിന് തീയിടുകയായിരുന്നുവെന്നും സ്റ്റേറ്റ് സെക്യൂരിറ്റി പ്രൊസിക്യൂഷൻ വാദിച്ചിരുന്നു. മറ്റൊരു ആരാധനാലയത്തിലെ വിളക്കുകളും നിരീക്ഷണ ക്യാമറകളും ഇയാൾ തകർത്തതായും പ്രൊസിക്യൂഷൻ വാദിച്ചു.
Discussion about this post