ദുബായ്: യുഎഇയിൽ പണമിടപാടുകളും മറ്റ് നടത്തി അല്ലെങ്കിൽ പണം തട്ടിയെടുത്ത് നാട്ടിലേക്ക് ഒളിച്ചുകടക്കാമെന്ന് കരുതേണ്ട. യുഎഇയിലെ ശിക്ഷ ഇനി നാട്ടിലെ ജയിലുകളിൽ കിട്ടും. യുഎഇയിൽ നിന്നും പണം തട്ടി നാട്ടിലേക്ക് രക്ഷപ്പെടുന്ന പ്രവാസികളെ കുരുക്കാൻ നിയമം നിലവിൽ വന്നു. യുഎഇയിലെ കോടതിവിധികൾ ഇനി ഇന്ത്യയിലും പ്രാബല്യത്തിലുണ്ടാവും.
സിവിൽ കേസുകളിൽ പ്രതിസ്ഥാനത്തുള്ള പ്രവാസികൾ നാട്ടിലെത്തിയാലും യുഎഇ കോടതി പുറപ്പെടുവിക്കുന്ന വിധി നാട്ടിൽ നടപ്പാക്കും. ഇതുസംബന്ധിച്ചുള്ള ഇന്ത്യൻ സർക്കാരിന്റെ വിജ്ഞാപനം പുറത്തിറങ്ങി. യുഎഇയുടെ അബുദാബിയിലെ ഫെഡറൽ സുപ്രീം കോടതി, ഷാർജ, അജ്മാൻ, ഉമൽഖുവെയിൻ, ഫുജൈറ എന്നിവിടങ്ങളിലെ ഫെഡറൽ, അപ്പീൽ കോടതികൾ, അബുദാബി സിവിൽ കോടതി, ദുബായ് കോടതികൾ, അബുദാബി ഗ്ലോബൽ മാർക്കറ്റ് കോടതി, റാസൽ ഖൈമ കോടതി, ദുബായ് ഇന്റർനാഷണൽ ഫിനാൻസ് സെന്റർ കോടതികൾ എന്നിവ പുറപ്പെടുവിക്കുന്ന വിധികളാണ് ഇന്ത്യയിലും നടപ്പിലാക്കുന്നത്. ഇനി മുതൽ യുഎഇയിലെ കോടതികളുടെ സിവിൽ കേസുകളിലെ വിധികൾ പുതിയ വിജ്ഞാപനം അനുസരിച്ച് ഇന്ത്യയിലെ ജില്ലാ കോടതികളുടെ വിധിയായാണ് പരിഗണിക്കപ്പെടുക.
ഇന്ത്യൻ സിവിൽ പ്രൊസീജിയർ കോഡിലെ 44-എ വകുപ്പിലെ വിശദീകരണം ഒന്ന് പ്രകാരമാണ് കേന്ദ്രസർക്കാർ യുഎഇയിലെ വിവിധ കോടതികളെ പരസ്പര വിനിമയ പ്രദേശത്തുള്ള കോടതികളായി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. ഇത് സംബന്ധിച്ച് കേന്ദ്ര നിയമകാര്യ മന്ത്രാലയത്തിന്റെ വിജ്ഞാപനം വന്നതോടെ ബാങ്ക് ലോൺ തിരിച്ചടയ്ക്കാതെയും വ്യവഹാരങ്ങൾ നടത്തി നാട്ടിലേക്ക് മുങ്ങിയവരേയും ഇന്ത്യയിൽ നിന്നു തന്നെ കണ്ടെത്തി ശിക്ഷിക്കാൻ വഴിയൊരുങ്ങും. നേരത്തെ ഈ സാഹചര്യം ഉണ്ടായിരുന്നില്ല. സിവിൽ കേസുകളിൽ മാത്രമാണ് ഈ വിധികൾ ബാധകം.
Discussion about this post