ദുബായ്: അതിർത്തിയും രാജ്യങ്ങൾ തമ്മിലുള്ള വൈര്യവും ഒന്നും മനുഷ്യനന്മയെ തടുക്കാനാകില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ മലയാളി വിദ്യാർത്ഥിനിയും പാകിസ്താൻ ഡ്രൈവറും. കഴിഞ്ഞദിവസം പാകിസ്താൻ സ്വദേശിയായ യുവാവ് ഓടിച്ചിരുന്ന ടാക്‌സിയിൽ മറന്നുവെച്ച വിലപ്പെട്ട രേഖകളടങ്ങിയ പേഴ്‌സ് മലയാളി വിദ്യാർത്ഥിനിക്ക് തിരിച്ച് നൽകിയതോടെയാണ് നന്മയുടെ മറ്റൊരു കഥകൂടി പിറന്നത്. മണിക്കൂറുകൾക്കുള്ളിൽ മലയാളി വിദ്യാർഥിനിയുടെ പേഴ്‌സ് മടക്കിനൽകിയാണ് പാകിസ്താനി ഡ്രൈവർ മൊദസ്സർ ഖാദിം സന്മനസിന്റെ പ്രതീകമായത്.
യുകെയിൽ ലാൻകാസ്റ്റർ സർവകലാശാലയിൽ കോർപ്പറേറ്റ് നിയമ വിദ്യാർത്ഥിനിയായ റേച്ചൽ റോസിന്റെ പേഴ്‌സാണ് ജനുവരി നാലിന് രാത്രി ദുബായ് ടാക്സിയിൽ നഷ്ടപ്പെട്ടത്. പേഴ്‌സ് നഷ്ടപ്പെട്ടത് അറിഞ്ഞയുടൻ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് (ആർടിഎ) അതോറിറ്റിയുടെ കോൾ സെന്ററുമായി കുട്ടിയുടെ രക്ഷിതാക്കൾ ബന്ധപ്പെട്ടിരുന്നു. എന്നാൽ മറ്റ് നടപടികൾക്ക് നീങ്ങുന്നതിന് മുൻപുതന്നെ ടാക്സി ഡ്രൈവർ മൊദസ്സർ ഖാദിം ഉടമയെ തേടിപിടിച്ചെത്തി പേഴ്‌സ് മടക്കിനൽകുകയായിരുന്നു. റേച്ചലിന്റ അമ്മയും മാധ്യമപ്രവർത്തകയുമായ സിന്ധു ബിജുവാണ് ഈ അനുഭവം പങ്കുവെച്ചതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. തൃശ്ശൂർ ചാലക്കുടിയാണ് സിന്ധു ബിജുവിന്റേയും കുടുംബത്തിന്റേയും സ്വദേശം.
യുകെയിൽ താമസിക്കാനുള്ള പെർമിറ്റ് കാർഡ്, എമിറേറ്റ്‌സ് ഐഡി, യുഎഇ ഡ്രൈവിങ് ലൈസൻസ്, ആരോഗ്യ ഇൻഷുറൻസ്, ക്രെഡിറ്റ് കാർഡ് എന്നിവയെല്ലാം മറന്നുവെച്ച പേഴ്‌സിലുണ്ടായിരുന്നു. റേച്ചൽ കാറിൽനിന്ന് ഇറങ്ങിയതിനുശേഷം മൊദസ്സർ ആകട്ടെ മറ്റ് ഓട്ടം കൂടി പോയിരുന്നു. ഇതിനു ശേഷമാണ് പിൻസീറ്റിൽ പേഴ്‌സ് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടനെ അധികൃതരെ വിവരമറിയിച്ചു. പിന്നീട് ഉടമയെ കണ്ടെത്തുകയായിരുന്നു. സത്യസന്ധതയുടെ പര്യായമായി മാറിയ മൊദസ്സറോടും അധികൃതരോടും വിദ്യാർത്ഥിനിയുടെ രക്ഷിതാക്കൾ നന്ദി പറഞ്ഞു.
Discussion about this post