അബുദാബി: യുഎഇയില്‍ കനത്ത മഴ തുടരുകയാണ്. പല സ്ഥലങ്ങളിലെയും റോഡുകള്‍ വെള്ളത്തിനടിയിലായിരിക്കുകയാണ്. കനത്ത മഴയില്‍ റാസല്‍ഖൈമയില്‍ മതില്‍ തകര്‍ന്നുവീണ് ഒരു സ്ത്രീ മരിച്ചു. റാസല്‍ഖൈമയിലെ അല്‍ ഫഹ്‌ലീമിലെ ഒരു വീട്ടില്‍ ജോലി ചെയ്തിരുന്ന ആഫ്രിക്കക്കാരിയാണ് മരിച്ചത്. കനത്ത മഴയില്‍ പ്രദേശത്തെ നിരവധി വീടുകള്‍ക്ക് നാശമുണ്ടായിട്ടുണ്ടെന്നാണ് റാസല്‍ഖൈമ പോലീസ് അറിയിച്ചത്.
കനത്ത മഴയെ തുടര്‍ന്ന് വിമാന സര്‍വീസുകളും താറുമാറായി. ദുബായ് വിമാനത്താവളത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ചില സര്‍വീസുകള്‍ സമീപത്തെ അല്‍ മക്തൂം വിമാനത്താവളത്തിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് ദുബായ് വിമാനത്താള അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചത്.
റോഡുകളില്‍ വെള്ളം കയറിയതിനാല്‍ റാസല്‍ഖൈമയില്‍ അല്‍ ഫിലായ, വാദി നഖബ്, അല്‍ ഫഹ്‌ലീന്‍ എന്നീ സ്ഥലങ്ങളിലേക്കുള്ള റോഡുകള്‍ ഭാഗികമായി അടച്ചിരിക്കുകയാണ്. അല്‍ ഷുഹദ റോഡ്, ജബെല്‍ ജയ്‌സ് റോഡ് അല്‍ ഖറന്‍ ബ്രിഡ്ജ് എന്നിവയെല്ലാം പൂര്‍ണമായി അടച്ചിരിക്കുകയാണ്. മഴ കാരണം യുഎഇയിലെ മിക്ക സ്‌കൂളുകള്‍ക്കും ഇന്ന് അവധി നല്‍കിയിരിക്കുകയാണ്. മിക്ക സ്‌കൂളുകളും പരീക്ഷകളും മാറ്റിവെച്ചിരിക്കുകയാണ്.
ഇന്ന് രാവിലെ മുതല്‍ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടായിട്ടുണ്ട്. ഷാര്‍ജയിലാണ് ശക്തമായ ഇടിമിന്നലുണ്ടായത്. മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്. അബുദാബിയില്‍ താപനില 21 ഡിഗ്രി സെല്‍ഷ്യസ് വരെയാകുമെന്നാണ് പ്രവചനം.