മസ്‌കറ്റ്: അന്തരിച്ച ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദ് അൽ സഈദിന്റെ ഓർമ്മകൾ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും. ഇന്ത്യയുമായി എന്നും സവിശേഷ ബന്ധം പുലർത്തിയ വ്യക്തിയായിരുന്നു സുൽത്താൻ ഖാബൂസ്. ഇദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രവാസ ലോകത്തിനും ഒമാനിനും മാത്രമല്ല, ഇന്ത്യയ്ക്ക് ഒട്ടാകെ തന്നെ ഒരു സുഹൃത്തിനെ നഷ്ടപ്പെട്ട ദുഃഖമാണ് സമ്മാനിക്കുന്നത്. സുൽത്താൻ ഖാബൂസ് ഇന്ത്യയുടെ ഒരു യഥാർത്ഥ സുഹൃത്തായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിപ്രായപ്പെട്ടത്. ഇന്ത്യയും ഒമാനും തമ്മിൽ ഊർജ്ജസ്വലവും തന്ത്രപരവുമായ പങ്കാളിത്തം വളർത്തിയെടുക്കുന്നതിന് ശക്തമായ നേതൃത്വം നൽകി. അദ്ദേഹത്തിൽ നിന്ന് എനിക്ക് ലഭിച്ച ഊഷ്മളവും വാത്സല്യവും ഞാൻ എപ്പോഴും വിലമതിക്കുമെന്ന് പ്രധാനമന്ത്രി അനുശോചന സന്ദേശത്തിൽ കൂട്ടിച്ചേർത്തു.
ഒന്നാം മോഡി സർക്കാരിന്റെ കാലത്ത് 2018-ൽ പ്രധാനമന്ത്രി ഒമാൻ സന്ദർശിച്ച വേളയിൽ ഇന്ത്യൻ പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി സുൽത്താൻ ഖാബൂസ് റോയൽ ബോക്‌സിൽനിന്ന് സംസാരിക്കാനുള്ള ബഹുമതി നൽകിയിരുന്നു. ഭരണാധികാരിയുടെ റോയൽ ബോക്‌സിൽ നിന്നുകൊണ്ടാണ് അന്ന് മോഡി 25,000-ത്തോളംവരുന്ന പ്രവാസികളെ അഭിസംബോധന ചെയ്തത്.
സുൽത്താൻ സഈദ് ബിൻ തൈമൂറിന്റെയും മാസൂൺ അൽ മാഷനി രാജകുമാരിയുടെയും ഏകമകനായി 1940 നവംബർ പതിനെട്ടിന് സലാലയിൽ ജനിച്ച ഖാബൂസ് ബിൻ സഈദിന്റെ പ്രാഥമിക വിദ്യാഭ്യാസം പുണെയിലും സലാലയിലുമായിരുന്നു. ഇന്ത്യയുടെ മുൻ രാഷ്ട്രപതി ശങ്കർദയാൽ ശർമ്മ അദ്ദേഹത്തിന് ഗുരുസ്ഥാനീയനായിരുന്നു. ഇന്ത്യയുമായി അദ്ദേഹം എന്നും സവിശേഷബന്ധം പുലർത്തിപ്പോന്നു. ഇന്ത്യൻ പ്രവാസികളോടും അദ്ദേഹം തന്റ ഇഷ്ടം കാത്തുസൂക്ഷിച്ചു. ഒമാനിലെ ലക്ഷകണക്കിന് വരുന്ന മലയാളികൾ ഉൾപ്പെടുന്ന പ്രവാസി സമൂഹത്തിന് ജീവിത സൗകര്യങ്ങൾ ഉറപ്പ് വരുത്തുകയും ചെയ്തിരുന്നു സുൽത്താൻ ഖാബൂസ്.
മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചിച്ചിട്ടുണ്ട്. ഇന്ത്യയിൽ വിദ്യാഭ്യാസം നേടിയ അദ്ദേഹം ഇന്ത്യക്കാരുമായും വിശിഷ്യ മലയാളികളുമായും അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. അറബ് ലോകത്ത് സൗഹൃദവും സമാധാനവും കാത്തുസൂക്ഷിക്കാൻ എന്നും മുൻപന്തിയിലുണ്ടായിരുന്ന ഭരണാധികാരിയായിരുന്നു അദ്ദേഹം. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹത്തിന് സൗകര്യങ്ങളും സംരക്ഷണവും ഉറപ്പാക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ വേർപാടിലൂടെ മനുഷ്യസ്നേഹിയായ ഭരണാധികാരിയെയാണ് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
സൗദി അറേബ്യ-ഖത്തർ തർക്കത്തിൽ ഇടപെട്ടും മുമ്പ് അമേരിക്ക ഇറാൻ പ്രശ്നം ഉണ്ടായപ്പോൾ ഇടപെട്ടും സുൽത്താൻ ഖാബൂസ് ഗൾഫ് മേഖലയിലെ സമാധാനത്തിനായി എന്നും ശ്രമിച്ചിരുന്നു.
Discussion about this post