കുവൈത്ത്: കുവൈത്ത് ഇന്ത്യന്‍ സ്ഥാനപതിയ്‌ക്കെതിരെ ലൈംഗിക പീഡന പരാതി.
കുവൈത്തിലെ ഇന്ത്യന്‍ എംബസിക്കകത്തുവെച്ച് ഇന്ത്യന്‍ സ്ഥാനപതി കെ ജീവ സാഗര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. സംഭവത്തില്‍
ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കുവൈറ്റില്‍ സ്ഥിര താമസമാക്കിയ ഇന്ത്യന്‍ വംശജയായ സാമൂഹ്യ പ്രവര്‍ത്തകയെ എംബസിക്കകത്തു പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
2018ലാണ് സംഭവം. പരാതിക്കാരി ആദ്യം കുവൈറ്റ് പോലീസിനെ സമീപിച്ചെങ്കിലും, പീഡനം നടന്നത് ഇന്ത്യന്‍ എംബസിക്കകത്തായതിനാലും ആരോപണം അംബാസഡര്‍ക്കെതിരെ ആയതിനാലും കേസെടുക്കാനുള്ള സാങ്കേതിക തടസ്സങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ അധികൃതരെ സമീപിക്കാന്‍ കുവൈറ്റ് പോലീസധികൃതര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
തുടര്‍ന്ന് 2019 ജനുവരി ആദ്യത്തില്‍ പരാതിക്കാരി വിദേശകാര്യ മന്ത്രിക്കും മന്ത്രാലയത്തിനും പരാതി നല്‍കിയെങ്കിലും സ്ഥാനപതിക്കെതിരായ പരാതി പരിശോധിക്കാനോ നടപടിയെടുക്കാനോ കേന്ദ്ര വിദേശകാര്യ മന്ത്രാലയം തയ്യാറായില്ല.
തുടര്‍ന്ന് പുതുതായി അധികാരമേറ്റകേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കര്‍, വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ തുടങ്ങിയവരെയെല്ലാം പരാതിയുമായി സമീപിച്ചെങ്കിലും സ്ഥാനപതിയെ സംരക്ഷിക്കുന്ന നിലപാടാണ് വിദേശകാര്യ വകുപ്പും മന്ത്രിമാരും സ്വീകരിച്ചത്.
പരാതി നല്‍കി ഒമ്പതു മാസം കഴിഞ്ഞിട്ടും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും നീതി ലഭിക്കാതായതോടെ 2019 സപ്റ്റംബര്‍ മാസത്തില്‍ പരാതിക്കാരി ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെത്തി രേഖാമൂലം പരാതി നല്‍കി. പീഡനം നടന്നത് വിദേശത്താണെന്നു ചൂണ്ടിക്കാട്ടി ഡല്‍ഹി പോലീസും കേസ് റജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ചതോടെ പരാതിക്കാരി അഡ്വ.സുഭാഷ് ചന്ദ്രന്‍ മുഖേന ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുകയായിരുന്നു.
കേസില്‍ പരാതിക്കാരിയുടേയും ഡല്‍ഹി പോലീസിന്റേയും വിശദമായ വാദം കേട്ട ഡല്‍ഹി പട്യാല ഹൗസ് കോടതി കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ കെ ജീവ സാഗറിനെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ 2019 ഡിസംബര്‍ 24 ലെ ഉത്തരവിലൂടെ ഡല്‍ഹി പോലീസിന് നിര്‍ദ്ദേശം നല്‍കി.
2020 ജനുവരി 6 മുമ്പായി കേസ് രജിസ്റ്റര്‍ ചെയത് സ്ഥിതി വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു കോടതി നിര്‍ദ്ദേശമെങ്കിലും, കേസ് റജിസ്റ്റര്‍ ചെയ്യാനായി രണ്ടു മാസത്തെ സമയം കൂടുതല്‍ അനുവദിക്കണമെന്ന ആവശ്യവുമായി ജനുവരി 6ന് ഡല്‍ഹി പോലീസ് കോടതിയെ സമീപിച്ചു.
ഡല്‍ഹി പോലീസിന്റെ ആവശ്യം തള്ളിയ പട്യാല ഹൗസ് കോടതി ജനുവരി 10ന് ഡിസിപിയോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചതോടെയാണ് കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി ജീവ സാഗറിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 ,354A, 354B, 506, 509 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം 2020 ജനുവരി 9ന് ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് കേസെടുത്തിരിക്കുന്നത്.
Discussion about this post