ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ല, അമേരിക്കന്‍ സൈന്യത്തെ പിന്‍വലിച്ചിട്ടില്ല; പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് കുവൈറ്റ്

കുവൈറ്റ് സിറ്റി; ഇറാന്‍ അമേരിക്ക സംഘര്‍ഷം രൂക്ഷമായതോടെ മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങളെ ഏറെ ഗൗരവത്തോടെയാണ് ഗള്‍ഫിലെ മലയാളികളടക്കമുള്ളവര്‍ ഉറ്റുനോക്കുന്നത്. അതിനിടെ കുവൈറ്റിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കുനയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന വാര്‍ത്ത പ്രചരിച്ചത് ആശങ്കകള്‍ ഉയര്‍ത്തി.

കുവൈറ്റില്‍ നിന്നും അമേരിക്ക സൈന്യത്തെ പിന്‍വലിച്ചെന്ന വാര്‍ത്തയും പുറത്ത് വന്നു. വാര്‍ത്തകള്‍ രാജ്യാന്തര മാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ സംഭവത്തില്‍ വിശദീകരണവുമായി കുവൈറ്റ് രംഗത്തെത്തി.
കുനയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും അമേരിക്കന്‍ സേനയെ കുവൈറ്റില്‍ നിന്ന് പിന്‍വലിക്കുമെന്ന വാര്‍ത്ത തെറ്റാണെന്നും കുവൈറ്റ് സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി.

ഇത്തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് പിന്നില്‍ ഇറാനാണെന്നാണ് വിലയിരുത്തുന്നത്. സൈബര്‍ യുദ്ധത്തിന് ഇറാന്‍ കരുത്ത് ഏറെയാണ്. ഇറാന്‍ അമേരിക്ക സംഘര്‍ഷത്തിന്റെ ഭാഗമായി 4000 അമേരിക്കന്‍ സൈനികരാണ് കുവൈറ്റില്‍ കഴിഞ്ഞ ദിവസം അധികമായി എത്തി ചേര്‍ന്നതെന്നും മേഖലയില്‍ ഭക്ഷ്യവസ്തുക്കള്‍ അടക്കമുള്ള അവശ്യവസ്തുക്കളെല്ലാം ശേഖരിച്ച് വച്ചിട്ടുണ്ടെന്നും ഏത് സാഹചര്യവും നേരിടുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും അധികൃതര്‍ വ്യക്തമാക്കി.

Exit mobile version