ഇറാന് സൈനിക ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ചതിന് പിന്നാലെ ഇറാന് അമേരിക്ക സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. പ്രതികാര നടിപടിയെന്നോണം ഇറാഖിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന് മിസൈല്‍ ആക്രമണം നടത്തിയതോടെ ആശങ്കയിലായിരിക്കുകയാണ് പ്രവാസി മലയാളികള്‍. വേണ്ടി വന്നാല്‍ ദുബായിയെയും ആക്രമിക്കുമെന്ന് ഇറാന് മുന്നറിയിപ്പ് നല്‍കിയതോടെ ലക്ഷക്കണക്കിന് മലയാളികള്‍ ജോലി ചെയ്യുന്ന ദുബായ് പ്രതിസന്ധിയിലായി.
അമേരിക്കയ്ക്ക് സഹായം ചെയ്ത് കൊടുത്താല്‍ വേണ്ടി വന്നാല്‍ ദുബായിയെയും ആക്രമിക്കും എന്നാണ് ഇറാന് റെവല്യൂഷണറി ഗാര്‍ഡ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ദുബായിയില്‍ ഒരു ചെറിയ ബോംബ് വീണാല്‍ പോലും അതിന്റെ അനന്തരഫലം പ്രത്യക്ഷത്തില്‍ ഫലിക്കുക കേരളത്തിലാകും. കാരണം ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലി ചെയ്യുന്ന ഇടമാണ് ദുബായ് എന്നതിനാലാണ്.
അതിനാല്‍ ഇറാന്റെ മുന്നറിയിപ്പിനെ ഭയത്തോടെ നോക്കിക്കാണുന്നത് പ്രവാസി മലയാളികളാണ്. ഇറാന് യുഎസ് സംഘര്‍ഷം ആളിക്കത്തുന്നതിനെ തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ വിമാന സര്‍വ്വീസുകള്‍ക്ക് അതിജാഗ്രത നിര്‍ദേശം നല്കി. ഇറാഖ്, ഇറാന്, പേര്‍ഷ്യന്‍ ഗള്‍ഫ്, ഒമാന്‍ ഉള്‍ക്കടല്‍ തുടങ്ങിയ രാജ്യങ്ങളുടെ വ്യോമാതിര്‍ത്തിക്കുള്ളില്‍ പ്രവേശിക്കരുതെന്ന് യുഎസ് യാത്രാവിമാനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്.
ഇറാഖിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന് മിസൈലാക്രമണം നടത്തിയതിന് പിന്നാലെയാണ് ഗള്‍ഫ് മേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഗള്‍ഫ് മേഖലയില്‍ നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.
മിസൈല്‍ ആക്രമണത്തിന് പിന്നാലെ ഇറാന് വീണ്ടും അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. അമേരിക്ക ഇനിയും പ്രശ്നമുണ്ടാക്കുകയാണെങ്കില് പ്രതികരണം കുറച്ച് കടപ്പമുള്ളതായിരിക്കുമെന്ന് ഇറാന് സായുധ സൈന്യത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ മുഹമ്മദ് ബാഖിരി വ്യക്തമാക്കി.യുനൈറ്റഡ് സ്റ്റേറ്റ്സിന്റെ ചെകുത്താന് ഭരണാധികാരികള്‍ അവരുടെ ഭീകരവാദ സൈന്യത്തെ മേഖലയില്‍ നിന്ന് എത്രയും പെട്ടെന്ന് പിന്‍വലിക്കേണ്ട സമയം ആസന്നമായിരിക്കുന്നുവെന്നും മേജര്‍ മുഹമ്മദ് ബാഖിരി പറഞ്ഞു.
അതേസമയം അമേരിക്ക തിരിച്ചടിച്ചാല്‍ ദുബായിയേയും ഇസ്രയേലിലെ ഹൈഫയേയും ആക്രമിക്കുമെന്നാണ് ഇറാന് പറയുന്നത്. അതുകൊണ്ട് ഗള്‍ഫ് മേഖലയില്‍ ഉയരുന്ന ഇറാന്റെ യുദ്ധഭീതി മലയാളികള്‍ക്കിടയില്‍ കടുത്ത ആശങ്കയുണ്ടാക്കുന്നു. എന്നാല്‍ അത്തരമൊരു നിലയിലേക്ക് കാര്യങ്ങള്‍ പോകില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
അറബ് ലോകത്ത് നിന്നും അമേരിക്കന്‍ സൈന്യം പൂര്‍ണ്ണമായും പിന്‍വാങ്ങണമെന്ന് ഇറാന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അമേരിക്ക അത് അംഗീകരിച്ചിട്ടില്ല. മിസൈല്‍ ആക്രമണം നടത്തിയതിന് പ്രതികാരം ചെയ്യുമെന്നാണ് അമേരിക്കയുടെ നിലപാട്. ഇതിനിടെ രണ്ട് യുദ്ധ വിമാനങ്ങള്‍ യുഎഇയില്‍ നിന്ന് പറന്നുയര്‍ന്നു കഴിഞ്ഞതായും സൂചനയുണ്ട്. അമേരിക്കയുടെ താവളങ്ങള്‍ യുഎഇയിലും ഉണ്ട്. ബാഗ്ദാദിലെ അമേരിക്കന്‍ സൈനിക കേന്ദ്രം ആക്രമിക്കപ്പെട്ട് മിനിറ്റുകള്‍ക്കകമാണ് യുഎഇയില്‍ നിന്നും യുദ്ധ വിമാനങ്ങള്‍ പറന്നത്.
ഈ സാഹചര്യത്തിലാണ് യുഎഇയെയും സൗദിയെയും നശിപ്പിക്കുക തന്നെ ചെയ്യുമെന്ന് ഇറാന് ഭീഷണി മുഴക്കിയത്. ഇറാനെതിരായ നീക്കങ്ങളില്‍ അമേരിക്കയെ സൈനികമായി സഹായിക്കുന്നവരെ എല്ലാം ആക്രമിക്കുമെന്ന സൂചനയാണ് ഇറാന് നല്‍കുന്നത്. യുദ്ധസമാനമായ അന്തരീക്ഷത്തിലൂടെ ഗള്‍ഫ് രാജ്യങ്ങള്‍ നീങ്ങുമ്പോള്‍ ഇന്ത്യന്‍ പ്രവാസികളും ആശങ്കയിലാണ്.
അതേസമയം, യുദ്ധം ഒഴിവാക്കണമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. വിവേകപൂര്‍ണമായ രാഷ്ട്രീയ പരിഹാരത്തിന് ഇരുകൂട്ടരും ശ്രമിക്കണമെന്നാണ് യുഎഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാഷ് അഭിപ്രായപ്പെട്ടു. മിക്കരാജ്യങ്ങളിലെയും ഭരണാധികാരികള്‍ ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തി. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങളെ ഇറാന് നേരിട്ട് ആക്രമിക്കാന്‍ തയാറാകില്ലെന്നാണു നയതന്ത്ര ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്.
യുദ്ധഭീതിയിലായതോടെ ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വിലയും കുതിച്ചുയര്‍ന്നു. ഇറാന് മിസൈലാക്രമണം നടത്തിയതിന് പിന്നാലെയാണ് ആഗോള വിപണയില്‍ ക്രൂഡോയില്‍ വില കുതിച്ചുയര്‍ന്നത്.ബ്രെന്റ് ക്രൂഡ് ബാരലിന്റെ വില 70.71ഡോളര്‍ ആയി കൂടി. നാല് ശതമാനം വില വര്‍ധനയാണ് ആഗോളവിപണിയില്‍ ക്രൂഡ് ഓയിലിന് ഉണ്ടായിരിക്കുന്നത്. ഇതേതുടര്‍ന്ന് ഇന്ത്യയും ആശങ്കയിലായിരിക്കുകയാണ്.
Discussion about this post