ദുബായ്: വീണ്ടും മലയാളികൾക്ക് ഭാഗ്യം ചൊരിഞ്ഞ് ദുബായ്. ഇത്തവണ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലാണ് മലയാളികളായ അമ്മയ്ക്കും മകൾക്കും ഭാഗ്യം സമ്മാനിച്ചത്. ഡിഎസ്എഫ് നറുക്കെടുപ്പിൽ ഭാഗ്യസമ്മാനമായി ആറേമുക്കാൽ ലക്ഷത്തോളം രൂപയുടെ സ്വർണ്ണമാണ് ഇരുവർക്കും ലഭിച്ചത്.
ബംഗളൂരുവിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശികളായ മീനാക്ഷി സുനിൽ, മകൾ അർച്ചന എന്നിവർക്കാണു ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചത്. ദയ്റെ ഗോൾഡ് സൂക്കിലെ മലബാർ ഗോൾഡ് ഷോറൂമിൽ നിന്നും സ്വർണ്ണം വാങ്ങിയപ്പോൾ ഇവർക്കു ലഭിച്ച കൂപ്പണിൽ നിന്നാണു സമ്മാനം ലഭിച്ചത്.
ദുബായിയിലുള്ള ഭർത്താവിനെ കാണാൻ മകൾക്കൊപ്പം എത്തിയതായിരുന്നു മീനാക്ഷി. ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ഫെബ്രുവരി ഒന്നുവരെ നറുക്കെടുപ്പ് നടത്തുന്നുണ്ട്. 25 സ്വർണനാണയങ്ങളാണു ഭാഗ്യശാലിക്കു ലഭിക്കുക. നാളെ മുതൽ എല്ലാ ശനിയാഴ്ചകളിലും പ്രത്യേക സമ്മാനമായി അഞ്ച് സ്വർണനാണയങ്ങളും ലഭിക്കും.
Discussion about this post