അമേരിക്ക ഞങ്ങൾക്ക് പൗരത്വം തരണം, പക്ഷേ ഇന്ത്യ മുസ്ലീങ്ങൾക്ക് പൗരത്വം കൊടുക്കരുത്; ബെസ്റ്റ് നിലപാടുമായി അമേരിക്കയിലെ ഇന്ത്യക്കാർ; പ്രഹസനമായി അനുകൂല പ്രകടനം

ശ്രമിക്കുന്നത് അമേരിക്കയിലെ പൗരനാകാനും എച്ച്1ബി വിസ പുതുക്കാനും; എന്നിട്ട് ഇന്ത്യയിലെ പൗരത്വ ഭേദഗതിയെ അനുകൂലിച്ച് അമേരിക്കയിൽ പ്രവാസികളുടെ പ്രഹസന പ്രകടനം

ന്യൂയോർക്ക്: സ്വന്തം രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്ത് കുടിയേറിയ ഇന്ത്യക്കാരായ അമേരിക്കൻ പ്രവാസികൾ യുഎസിൽ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് പ്രകടനം നടത്തി പരിഹാസ്യരാകുന്നു. നൂറുകണക്കിന് ഇന്ത്യക്കാരാണ് അമേരിക്കയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ത്യയിൽ നടപ്പാക്കുന്ന പൗരത്വനിയമ ഭേദഗതിയെ അനുകൂലിച്ച് പ്രകടനം നടത്തിയത്.

ഓസ്റ്റിൻ, നോർത്ത് കരോലിനയിലെ റാലെയ്ഗ്, വാഷിങ്ടണിലെ സിയാറ്റിൽ എന്നിവിടങ്ങളിലാണ് ഇന്ത്യക്കാർ പ്രകടനങ്ങൾ നടത്തിയത്. ചൊവ്വാഴ്ച നടന്ന പ്രകടനങ്ങളുടെ ചിത്രങ്ങൾ വാർത്താ ഏജൻസിയായ എഎൻഐയാണ് പുറത്തുവിട്ടത്.

സിഎഎയേയും എൻആർസിയേയും അനുകൂലിക്കുന്ന ബാനറുകളും പ്ലക്കാർഡുകളും കൈകളിലേന്തി റാലി നടത്തിയൊക്കെയാണ് അമേരിക്കയിൽ ഇന്ത്യക്കാരുടെ പ്രകടനങ്ങൾ. ജോലിക്കായും സ്ഥിരതാമസത്തിനായും അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യൻ പൗരന്മാരുടെ ഈ പ്രകടനത്തിന് എതിരായി സോഷ്യൽമീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. നിങ്ങളുടെ അമേരിക്കൻ പൗരത്വത്തിനുള്ള അപേക്ഷയുടെ കാര്യം എന്തായെന്നും എച്ച് 1 ബി വിസ പുതുക്കി നൽകില്ലെന്ന് അമേരിക്ക പറഞ്ഞാൽ തീരാവുന്നതേയുള്ളൂ ഈ ആവേശമെന്നും സോഷ്യൽമീഡിയ ഇവരെ ഓർമ്മിപ്പിക്കുകയാണ്.

2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിലേക്ക് ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും കുടിയേറിയ മുസ്ലിങ്ങൾ ഒഴികെയുള്ള വ്യക്തികൾക്ക് ഇന്ത്യൻ പൗരത്വം നൽകാനായാണ് കേന്ദ്ര സർക്കാർ ദേശീയ പൗരത്വ നിയമം ഭേദഗതി ചെയ്തത്. ലോക്‌സഭയിലും രാജ്യസഭയിലും ഒട്ടേറെ ഒച്ചപ്പാടുണ്ടാക്കിയെങ്കിലും പൗരത്വ ഭേദഗതി ബില്ല് പാസാക്കിയെടുക്കാൻ എൻഡിഎ സർക്കാരിന് സാധിക്കുകയായിരുന്നു. എന്നാൽ ബില്ല് നിയമമായി മാറിയതോടെ നിയമത്തിനെതിരെ രാജ്യമൊട്ടാകെ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള വലിയ ജനക്കൂട്ടമാണ് നിയമത്തിനെതിരെ തെരുവിൽ പ്രക്ഷോഭം നയിക്കുന്നത്.

യുപിയിൽ മാത്രം സംഘർഷത്തിനിടെ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ 21 പേർ കൊല്ലപ്പെട്ടിരുന്നു. ഇതോടെ എൻഡിഎ സഖ്യകക്ഷികൾ പലരും നിയമത്തെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയത് കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് യുഎസിലേക്ക് കുടിയേറിയ ഇന്ത്യക്കാർ സിഎഎയേയും എൻആർസിയേയും അനുകൂലിച്ച് പ്രകടനം നടത്തിയിരിക്കുന്നത്.

Exit mobile version