റിയാദ്: മൂന്നുമാസത്തിനിടെ മയക്കുമരുന്ന് കേസില്‍ സൗദി അറേബ്യയില്‍ പിടിയിലായത് 5,067 പേരെന്ന് റിപ്പോര്‍ട്ട്. മയക്കുമരുന്ന് കടത്ത്, വിപണനം, ഉപഭോഗം, ഗതാഗതം എന്നീ വകുപ്പുകള്‍ പ്രകാരമാണ് 32 രാജ്യക്കാരായ ഇത്രയും ആളുകളെ അറസ്റ്റ് ചെയ്തതെന്ന് സൗദി നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു.
54 ലക്ഷം മയക്കുഗുളികകള്‍, ആറ് ടണ്‍ ഹഷീഷ്, 1.4 കിലോ കൊക്കൈന്‍, 2.9 കിലോ ഹെറോയിന്‍, കൂടാതെ മറ്റ് പല രൂപങ്ങളിലുമുള്ള മയക്കുമരുന്നുകള്‍ എന്നിവയാണ് മൂന്നുമാസത്തിനിടെ കണ്ടെത്തിയതെന്ന് നര്‍ക്കോട്ടിക്‌സ് ഡയറക്ടറേറ്റ് വക്താവ് കേണല്‍ അബ്ദുല്‍ അസീസ് മുഹമ്മദ് കടാസ പറഞ്ഞു.
നിരോധിത മയക്കുഗുളിക നിര്‍മിക്കുന്ന യന്ത്രസാമഗ്രികളടക്കം ഒരു പ്രാദേശിക നിര്‍മാണ കേന്ദ്രം കണ്ടെത്തി അടപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ കേന്ദ്രത്തില്‍ നിന്ന് ധാരാളം മയക്കുഗുളികകള്‍ പിടിച്ചെടുത്തിട്ടുണ്ട്. മയക്കുമരുന്ന് കടത്തുകാര്‍ ഇപ്പോള്‍ ഇത്തരം യന്ത്രങ്ങളാണ് രാജ്യത്തേക്ക് കടത്താന്‍ ശ്രമിക്കുന്നതെന്നും സൗദി കസ്റ്റംസിന്റെ അതിര്‍ത്തി പോസ്റ്റുകളിലെ കര്‍ശന ജാഗ്രതയും പഴുതടച്ച പരിശോധനയും മൂലം മയക്കുമരുന്ന് കടത്താന്‍ കഴിയാത്തതിനാല്‍ ബദല്‍ മാര്‍ഗം തേടുന്നതാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
കര്‍ശന നിരീക്ഷണത്തിലൂടെ ഇത്തരം കേന്ദ്രങ്ങള്‍ കണ്ടെത്തി അടച്ചുപൂട്ടുകയും ഉത്തരവാദികളെ പിടികൂടി കടുത്ത ശിക്ഷാനടപടികള്‍ക്ക് വിധേയമാക്കുകയും ചെയ്തുവരികയാണ്.
Discussion about this post