ഷാര്‍ജ: യുഎഇയില്‍ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്ന് വീണു രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം. ഷാര്‍ജയിലെ അല്‍ മജാസ് – 2ലാണ് ദുഃഖകരമായ സംഭവം നടന്നത്. രക്ഷിതാക്കളുടെ അശ്രദ്ധയാണ് അപകട കാരണമായതെന്നാണ് പോലീസിന്റെ അനുമാനം.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം 2.30നാണ് സംഭവം സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചത്. അല്‍ ബുഹൈറ സ്റ്റേഷനില്‍ നിന്നുള്ള പോലീസ് സംഘം മൂന്ന് മിനിറ്റിനുള്ളില്‍ സംഭവ സ്ഥലത്തെത്തി. കെട്ടിടത്തിന് താഴെ രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്ന കുട്ടിയെ ഉടന്‍ തന്നെ അല്‍ ഖാസിമി ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
വിശദമായ അന്വേഷണത്തിനായി മൃതദേഹം ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയുടെ അമ്മ അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ, തുറന്നുകിടന്ന ജനലിനരികില്‍ കുട്ടി എത്തുകയും അവിടെനിന്ന് താഴേക്ക് വീഴുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
Discussion about this post