മസ്‌കറ്റ്: ഒമാനില്‍ ചൊവ്വാഴ്ചവരെ കനത്ത മഴയും കാറ്റും ഉണ്ടായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി സിവില്‍ ഏവിയേഷന്‍ വിഭാഗം. ഞായറാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. ഇതിനു പുറമെ കനത്ത മഴയും കാറ്റും ഉള്ളതിനാല്‍ വെള്ളപ്പൊക്ക സാധ്യത ഉണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
രണ്ടുദിവസമായി ഇവിടെ കനത്ത മഴ തുടരുകയാണ്. നിസ്വ, ബഹ്ല, അല്‍ അവാബി, ഇബ്രി, ദങ്ക്, യങ്കല്‍, സുഹാര്‍, ഇബ്ര, ജബല്‍ അഖ്ദര്‍, ബിര്‍കത്ത് അല്‍ മൗസ് എന്നീ ഇടങ്ങളിലാണ് മഴ പെയ്തത്. ഞായറാഴ്ച അല്‍ ദാഹിറ, അല്‍ ബുറൈമി, നോര്‍ത്ത് അല്‍ ബാത്തിന, സൗത്ത് അല്‍ ബാത്തിന, മസ്‌കത്ത്, അല്‍ ദാഖിലിയ, നോര്‍ത്ത് അല്‍ ശര്‍ഖിയ എന്നിവിടങ്ങളില്‍ 30 മില്ലീമീറ്റര്‍ മുതല്‍ 60 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
കനത്ത മഴ പെയ്യാന്‍ സാധ്യത ഉള്ളതിനാല്‍ എല്ലാവരും ജാഗ്രത നിര്‍ദ്ദേശം പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. തീര പ്രദേശങ്ങളില്‍ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ പറഞ്ഞു.