സൗദിയിലെ ആട് ജീവിതത്തിൽ നിന്നും രക്ഷപ്പെട്ട് നാട്ടിലെത്തി; മകനെ ആദ്യമായി വാരിപ്പുണർന്ന് അൻഷാദ്

അമ്പലപ്പുഴ: രണ്ട് വർഷം മുമ്പ് ഗർഭിണിായ ഭാര്യയേയും കുടുംബത്തേയും വിട്ട് പ്രവാസ ജീവിതം തെരഞ്ഞെടുത്ത് വിമാനം കയറുമ്പോൾ 27കാരനായ അൻഷാദ് ഒരിക്കലും കരുതിയിരുന്നില്ല, ഇത്തരത്തിലായിരിക്കും തന്റെ തിരിച്ച് വരവെന്ന്. വീട്ടുകാരെ ഒന്ന് വിളിക്കാൻ പോലും സാധിക്കാതെ മറയില്ലാതെ വെയിലും മഴയും കൊണ്ട് ഒട്ടക കൂട്ടിൽ അന്തിയുറങ്ങി സൊദി മരുഭൂമിയിൽ ‘ആട് ജീവിതം’ നയിച്ച അൻഷാദ് ഒടുവിൽ സാമൂഹ്യപ്രവർത്തകരുടേയും മറ്റും ഇടപെടലിന്റെ ഫലമായി നാട്ടിലെത്തി. വിമാനത്താവളത്തിൽ ഇറങ്ങിയ അൻഷാദ് രണ്ടുവയസ്സുള്ള മകനെ ആദ്യമായി കാണുകയും വാരിപ്പുണരുകയും ചെയ്തു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങിയ വാപ്പയെ ആദ്യമായി കാണുന്നതിന്റെ സന്തോഷം മകൻ ഉമറുൾ ഫാറൂക്കിന്റെ മുഖത്തും കാണാനായി.

സൗദി മരുഭൂമിയിലെ ആടുജീവിതത്തിൽനിന്ന് രക്ഷപ്പെട്ട അമ്പലപ്പുഴ കാക്കാഴം സ്വദേശി അൻഷാദ് വ്യാഴാഴ്ച വൈകീട്ടാണ് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയത്. ഭാര്യ റാഷിദ, ബാപ്പ ജലാലുദ്ദീൻ, ഉമ്മ ലൈല, സഹോദരൻ അൻസിൽ എന്നിവരെല്ലാം അൻഷാദിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. എയർ അറേബ്യയുടെ വിമാനത്തിൽ വൈകീട്ട് 6.45-നാണ് അൻഷാദ് എത്തിയത്. നടപടികൾ പൂർത്തിയാക്കി ഏഴരയോടെ പുറത്തിറങ്ങി. നരകതുല്യമായ ജീവിതത്തിൽനിന്ന് ഒടുവിൽ കാരുണ്യം കൊണ്ട് മാത്രം രക്ഷപ്പെട്ടെത്തിയ അൻഷാദിനെ ആനന്ദ കണ്ണീരോടെയാണ് കുടുംബാംഗങ്ങൾ വരവേറ്റത്.

2017 ഒക്ടോബർ 18-നാണ് അൻഷാദ് സൗദിയിലെത്തിയത്. സൗദി പൗരന്റെ വീട്ടിൽ അതിഥികൾക്ക് ചായയും പലഹാരങ്ങളും നൽകുന്ന ജോലിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇദ്ദേഹത്തെ കൊണ്ടുപോയത്. അവിടെയെത്തിയപ്പോൾ മരുഭൂമിയിൽ ഒട്ടകങ്ങളെ പരിപാലിക്കലായിരുന്നു ജോലി. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിന് സമാനമായ അൻഷാദിന്റെ ജീവിതം ആരുടേയും കണ്ണ് നനയിപ്പിക്കുന്നതാണ്.

നിരവധി സംഘടനകളും വ്യക്തികളും ഇദ്ദേഹത്തെ രക്ഷപ്പെടുത്താനായി പ്രവർത്തിച്ചിരുന്നു. കഴിഞ്ഞമാസം 20-നാണ് അൻഷാദ് രക്ഷപ്പെട്ടത്. അതിനുശേഷം ഇന്ത്യൻ ഫ്രട്ടേണിറ്റി ഫോറത്തിന്റെയും സൗദിയിലെ ഇന്ത്യൻ എംബസിയുടെയും വൊളന്റിയറായ കൊല്ലം സ്വദേശി നൗഷാദിന്റെ സംരക്ഷണത്തിലായിരുന്നു. അവിടെനിന്ന് ഉംറയ്ക്കുപോയശേഷമാണ് വ്യാഴാഴ്ച രാവിലെ അൻഷാദ് നാട്ടിലേയ്ക്ക് പുറപ്പെട്ടത്.

Exit mobile version