കുവൈത്ത് സിറ്റി: കുവൈറ്റില്‍ കനത്തമഴയിലും വെള്ളക്കെട്ടിലും തകര്‍ന്ന റോഡുകള്‍, വീടുകള്‍, മറ്റ് അടിസ്ഥാന സംവിധാനങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിനുള്ള മാതൃകകള്‍ തയാറാക്കിയ ആര്‍ക്കിടെക്ചര്‍ കമ്പനികളുടെ പ്രവര്‍ത്തനം നിരോധിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
പ്രളയക്കെടുതി സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ നിരോധനം തുടരുമെന്നും പ്രധാനമന്ത്രി ഷെയ്ഖ് ജാബര്‍ അല്‍ മുബാറക് അല്‍ ഹമദ് അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വ്യക്തമാക്കി. വസ്തുതാന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടില്‍ ക്ലീന്‍ചിറ്റ് ലഭിക്കുന്നത് വരെ അത്തരം ഒരു കമ്പനിയെയും പുതിയ പദ്ധതികളുമായി ഒരുതരത്തിലും ബന്ധിപ്പിക്കില്ല. പ്രളയവുമായി ബന്ധപ്പെട്ട അന്വേഷണം നേരിടുന്ന കമ്പനികളെയും വ്യക്തികളെയും സംബന്ധിച്ച് മരാമത്ത് മന്ത്രി ഹുസാം അല്‍ റൂമി മന്ത്രി സഭയ്ക്ക് വിശദീകരണം നല്കി.
പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ നവീകരിക്കുന്നതിനുള്ള നടപടികള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ സാമൂഹിക-തൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹിന്റെ നേതൃത്വത്തില്‍ സമിതിയെ ചുമതലപ്പെടുത്തി. നവീകരണം പൂര്‍ത്തിയാകുന്നതു വരെ അവിടെയുള്ളവര്‍ക്കു താമസിക്കാന്‍ പുതിയ ഇടം കണ്ടെത്തി നല്‍കുകയും വേണം.
Discussion about this post