കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മലയാളി യുവാവ് കടലില്‍ മുങ്ങി മരിച്ചു. കണ്ണൂര്‍ പേരാവൂര്‍ അനുങ്ങോട് മനതണ പന്തപ്ലാക്കല്‍ സനില്‍ ജോസഫ് ആണ് മുങ്ങി മരിച്ചത്. സുഹൃത്തിന്റെ കുട്ടികളെ രക്ഷിക്കുന്നതിനിടെയാണ് സനില്‍ ഒഴുക്കില്‍പ്പെട്ടത്. വിനോദ യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. കടലില്‍ കുളിക്കവേ ആഞ്ഞടിച്ച തിരമാലയില്‍പ്പെട്ട് സുഹൃത്തുക്കളുടെ കുട്ടികള്‍ ഒഴുകിപ്പോവുകയായിരുന്നു.
ഇത് കണ്ട സനില്‍ കുട്ടികളെ രക്ഷിക്കാന്‍ ഇറങ്ങി. കുട്ടികളെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചുവെങ്കിലും തൊട്ടുപിന്നാലെ അടിച്ച തിരമാലയില്‍ സനല്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ചേര്‍ന്ന് സനിലിനെ രക്ഷപ്പെടുത്തി എയര്‍ ആംബുലന്‍സില്‍ മുബാറഖിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കുടുംബത്തോടൊപ്പമായിരുന്നു സനില്‍ വിനോദയാത്രക്ക് എത്തിയത്. ഭാര്യ സിമി തോമസ്, സബാ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സാണ്. മക്കള്‍: അമേയ എലിസബത്ത് സനില്‍, അനയ മേരി സനില്‍. എസ്എംസിഎ അബ്ബാസിയ ഏരിയാ സെന്റ് ജൂഡ് കുടുംബ യൂണിറ്റ് സജീവാംഗമായിരുന്നു സനില്‍.
Discussion about this post