കുറ്റവിചാരണ അടുത്തതോടെ അപ്രതീക്ഷിത നീക്കം; കുവൈറ്റ് മന്ത്രിസഭ രാജിവെച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റ് മന്ത്രിസഭ അപ്രീക്ഷിതമായി ഒന്നടങ്കം രാജിവെച്ചു. മൂന്ന് മന്ത്രിമാർക്കെതിരെ പാർലമെന്റിൽ കുറ്റവിചാരണ നടക്കാനിരിക്കെയാണ് നാടകീയമായി കുവൈത്ത് മന്ത്രിസഭയുടെ രാജി. വ്യാഴാഴ്ച ഉച്ചയ്ക്കാണ് മന്ത്രിസഭയുടെ അമ്പരപ്പിക്കുന്ന തീരുമാനം വന്നത്.

പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അസ്സബാഹ് മന്ത്രിസഭയുടെ രാജി അമീർ ശൈഖ് സബാഹ് അഹ്മദ് അൽ ജാബിർ അസ്സബാഹിന് സമർപ്പിക്കുകയായിരുന്നു. മന്ത്രിസഭയുടെ പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കുന്നതിന് വേണ്ടിയാണ് രാജി സമർപ്പിച്ചതെന്ന് സർക്കാർ വക്താവ് താരിഖ് അൽ മസ്‌റം വ്യക്തമാക്കി.

ഒരാഴ്ചയ്ക്കിടെ രണ്ട് മന്ത്രിമാർ രാജിവെച്ചതിന് പിന്നാലെയാണ് നാടകീയമായി മന്ത്രിസഭ ഒന്നടങ്കം രാജിവെക്കുന്നത്. ധനമന്ത്രി ഡോ. നായിഫ് അൽ ഹജ്‌റുഫ്, പൊതുമരാമത്ത് മന്ത്രി ജിനാൻ ബൂഷഹരി എന്നിവരാണ് കഴിഞ്ഞ ആഴ്ച രാജിവെച്ചത്. ആഭ്യന്തര മന്ത്രിയടക്കം മൂന്ന് മന്ത്രിമാർക്കെതിരെ പാർലമെന്റിൽ കുറ്റവിചാരണയും നടക്കാനിരിക്കുകയായിരുന്നു.

Exit mobile version