അമ്പലപ്പുഴ: റിയാദിലെ മരുഭൂമിയിൽ രണ്ടുവർഷമായി ആട് ജീവിതം നയിക്കുന്ന മലയാളി യുവാവ് സഹായം തേടുന്നു. കൊടിയ പീഡനത്തിൽ നിന്നും രക്ഷപ്പെട്ട് നാട്ടിലെത്തണമെന്ന് മാത്രമാണ് ഈ യുവാവിന്റെ സ്വപ്നം. വീട്ടുകാരും ബന്ധുക്കളും അമ്പലപ്പുഴ കാക്കാഴം സ്വദേശിയായ അൻഷാദിന്റെ തിരിച്ചുവരവിനായി പ്രാർത്ഥനയോടെ കഴിയുകയാണ്. സാമ്പത്തികമായി ഏറെ പരാധീനതകളുള്ള കുടുംബത്തിന് അൻഷാദിനെ തേടി റിയാദിലേക്ക് പോവുന്നതും അസാധ്യമാണ്. ഇനി സർക്കാരും സുമനസുകളും കനിയുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.
2017 ഒക്ടോബർ 18നാണ് ഗർഭിണിയായ ഭാര്യയേയും ഉമ്മയേയും ഉപ്പയേയും സംരക്ഷിക്കാനുള്ള പണം കണ്ടെത്താനും ജീവിതം കരുപ്പിടിപ്പിക്കാനായി കൂട്ടുകാരന്റെ ബന്ധു നൽകിയ വിസയിൽ അൻഷാദ് സൗദിയിലേക്ക് വിമാനം കയറിയത്. വീട്ടുജോലിക്കെന്നും പറഞ്ഞ് കൂട്ടുകാരന്റെ ബന്ധു സമ്മാനിച്ച വിസയിൽ രണ്ടുവർഷം മുമ്പായിരുന്നു അൻഷാദിന്റെ റിയാദ് യാത്ര. സൗദി പൗരന്റെ വീട്ടിൽ അതിഥികൾക്ക് ചായയും പലഹാരവും നൽകുന്ന ജോലിയാണെന്ന വാക്ക് വിശ്വസിച്ച് കടംവാങ്ങിയ എൺപതിനായിരം രൂപയാണ് അൻഷാദ് വിസയ്ക്കായി നൽകിയത്.
എന്നാൽ സൗദിയലെത്തിയ അൻഷാദിന് ലഭിച്ചതാകട്ടെ കൊടും വെയിലിൽ ഒട്ടകങ്ങളെ മേയ്ക്കുന്ന ജോലിയും. പ്രാഥമികാവശ്യങ്ങൾ പോലും നിർവഹിക്കാൻ സൗകര്യമില്ലാത്ത ടെന്റിൽ മഞ്ഞും വെയിലും കൊണ്ട് കൊടിയ യാതനകളിൽ ജീവിതം. ശരിയായി ഭക്ഷണം പോലും നൽകാതെ താമസവും കടുത്ത ജോലി ഭാരത്തിനൊപ്പം സ്‌പോൺസറുടെ ക്രൂര മർദ്ദനങ്ങളുമായതോടെ അൻഷാദ് പ്രാകൃതരൂപത്തിലായി. ഏതാനും ദിവസം മുമ്പ് രക്ഷപ്പെടാനായി 90 കിലോമീറ്റർ മരുഭൂമിയിലൂടെ നടന്ന് ഒരു പോലീസ് സ്റ്റേഷനിലെത്തിയങ്കിലും സ്‌പോൺസറെ വിളിച്ചുവരുത്തി അയാൾക്കൊപ്പം തിരിച്ചയക്കുകയായിരുന്നു അവർ.
അൻഷാദിന്റെ ഈ ദുരിതകഥ വിവരിക്കുന്നത് വാപ്പ ജലാലുദ്ദീനും ഉമ്മ ലൈലയും ഭാര്യ റഷീദയുമാണ്. അൻഷദിനെ റിയാദിൽനിന്ന് മോചിപ്പിച്ച് നാട്ടിലെത്തിക്കണമെന്ന ഒറ്റ അപേക്ഷ മാത്രമേ ഇവർക്കുള്ളൂ. അൻഷാദ് പോകുന്ന സമയത്ത് ഭാര്യ റാഷിദ ഗർഭിണിയായിരുന്നു. മകൻ ഉമറുൾ ഫാറൂക്കിന് ഇപ്പോൾ രണ്ടുവയസായി. ഇതേവരെ വാപ്പ കുട്ടിയെ കണ്ടിട്ടില്ല. താടി നീട്ടിവളർത്തിക്കണ്ടാൽ തിരിച്ചറിയാത്ത രൂപത്തിലാണിപ്പോൾ അൻഷാദെന്ന് ഭാര്യ റാഷിദ പറയുന്നു. രണ്ടുവർഷമായി ശമ്പളം ലഭിച്ചിട്ട്. സ്‌പോൺസർ കാണാതെ അൻഷാദ് ഫോണിൽ വിളിക്കുമ്പോഴാണ് വീട്ടുകാർ വിവരങ്ങൾ അറിയുന്നത്. നാലുമാസം മുമ്പാണ് ഭാര്യയെ അവസാനമായി വിളിച്ചത്. സ്‌പോൺസർ ഫോൺ പിടിച്ചുവച്ചിരിക്കുകയാണ്.
ഇവരുടെ ദുരിതമറിഞ്ഞ് റിയാദിലുള്ള സാമൂഹ്യപ്രവർത്തകർ ഇടപെട്ട് ഇന്ത്യൻ എംബസിയിലും സൗദി അധികൃതർക്കും പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. അൻഷാദിന്റെ മോചനത്തിനായി അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി, കേന്ദ്ര വിദേശകാര്യമന്ത്രി എന്നിവർക്ക് പരാതി നൽകുമെന്ന് അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തംഗം യുഎം കബീർ പ്രതികരിച്ചു.