ശക്തമായ തിരമാലയില്‍ റോഡില്‍ വെള്ളം കയറി; യുഎഇയില്‍ ചില റോഡുകള്‍ താല്‍ക്കാലികമായി അടച്ചു

കല്‍ബ-ഫുജൈറ റോഡിന്റെ ചില ഭാഗങ്ങള്‍ അടച്ചിരിക്കുകയാണ് എന്നാണ് ഷാര്‍ജാ പോലീസ് അറിയിച്ചത്

ഷാര്‍ജ: ശക്തമായ തിരമാലയില്‍ റോഡില്‍ വെള്ളം കയറിയതിനാല്‍ യുഎഇയില്‍ ചില റോഡുകള്‍ താല്‍ക്കാലികമായി അടച്ചു. ഷാര്‍ജയിലെയും ഫുജൈറയിലെയും റോഡുകളാണ് ഇത്തരത്തില്‍ അടച്ചിരിക്കുന്നത്.
കല്‍ബ-ഫുജൈറ റോഡിന്റെ ചില ഭാഗങ്ങള്‍ അടച്ചിരിക്കുകയാണ് എന്നാണ് ഷാര്‍ജാ പോലീസ് അറിയിച്ചത്.

റോഡ് അടച്ചതിനാല്‍ യാത്രക്കാര്‍ മറ്റ് പാതകള്‍ തെരഞ്ഞെടുക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ഷാര്‍ജാ പോലീസ് അധികൃതര്‍ അറിയിച്ചു. റോഡില്‍ നിന്ന് വെള്ളം നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

അതേസമയം ശക്തമായ കാറ്റില്‍ കല്‍ബയിലെ അല്‍ ബര്‍ദി പ്രദേശത്ത് ഇരുപതിലധികം വീടുകളിലാണ് വെള്ളം കയറിയിരിക്കുന്നത്. കല്‍ബയില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ അധികൃതര്‍ ഒഴിപ്പിച്ചു. ഇവര്‍ക്ക് ഹോട്ടലുകളില്‍ താമസ സൗകര്യവും ഭക്ഷണവും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. അപകടം ഒഴിവാക്കുന്നതിനായി ഈ പ്രദേശങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.

ക്യാര്‍ ചുഴലിക്കാറ്റ് കാരണമാണ് ശക്തമായ തിരമാലകള്‍ ഉണ്ടായിരിക്കുന്നത്. തിരമാലകള്‍ ഏഴടി വരെ ഉയരത്തില്‍ രൂപപ്പെടാന്‍ സാധ്യത ഉണ്ടെന്ന് നേരത്തേ യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.

Exit mobile version