സാമ്പത്തിക ബുദ്ധിമുട്ടില്‍ നട്ടംതിരിഞ്ഞ് നാട്ടിലേയ്ക്ക് മടങ്ങാനിരുന്ന മലയാളിയെ തേടി ഭാഗ്യദേവത; സമ്മാനിച്ചത് ഏഴു കോടി

കേരളത്തിലേക്ക് മടങ്ങാനുള്ള ആലോചനയ്ക്കിടെയാണ് അധികൃതരുടെ ഫോണ്‍വിളിയെത്തിയത്.

ദുബായ്: സാമ്പത്തിക ബുദ്ധിമുട്ടില്‍ നട്ടംതിരിഞ്ഞ് നാട്ടിലേയ്ക്ക് മടങ്ങാനിരുന്ന മലയാളിയെ തേടി ഭാഗ്യദേവതയുടെ കടാക്ഷം. ചൊവ്വാഴ്ച നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഏഴുകോടി രൂപ(10 ലക്ഷം യുഎസ് ഡോളര്‍) തിരുവനന്തപുരം സ്വദേശി കമലാസനന്‍ നാടാന്‍ വാസുവിന് ലഭിക്കുകയായിരുന്നു. കഴിഞ്ഞ 35 വര്‍ഷമായി യുഎഇയിലാണ് 56കാരനായ അദ്ദേഹം നില്‍ക്കുന്നത്.

സുഹൃത്ത് പ്രസാദുമായി ചേര്‍ന്നാണ് കഴിഞ്ഞ സെപ്റ്റംബറില്‍ നാട്ടിലേക്കു പോകുമ്പോള്‍ കമലാസനന്‍ നറുക്കെടുപ്പ് കൂപ്പണെടുത്തത്. നേരത്തെ കമലാസനന്റെകൂടെ ജോലി ചെയ്തിരുന്നയാളാണ് പ്രസാദ്. ദുബായില്‍ സ്റ്റീല്‍ ഫാബ്രിക്കേഷന്‍ ബിസിനസ് നടത്തിവരികയായിരുന്നു കമലാസനന്‍. 2018 ജനുവരിയില്‍ ബിസിനസ് തകര്‍ച്ചയ്ക്കുശേഷം വലിയ കടബാധ്യതയിലായിരുന്നു.

കേരളത്തിലേക്ക് മടങ്ങാനുള്ള ആലോചനയ്ക്കിടെയാണ് അധികൃതരുടെ ഫോണ്‍വിളിയെത്തിയത്. ഭാഗ്യം തേടിയെത്തിയതായി അറിഞ്ഞ ഉടനെ തന്നെ പ്രസാദിനെയും വിവരമറിയിച്ചു. ലഭിച്ച സമ്മാനത്തുക പ്രസാദുമായി തുല്യമായി വീതിച്ചെടുക്കുമെന്നും ബിസിനസിലെ ബാധ്യതകള്‍ തീര്‍ക്കുമെന്നും കമലാസനന്‍ പറഞ്ഞു.

Exit mobile version