ദമ്മാം: മൂന്ന് വര്‍ഷം മുന്‍പ് മരിച്ച ഹസൈനാറിന്റെ മൃതദേഹം സംസ്‌കരിച്ചു. ബന്ധുക്കളെ കാത്ത് മൂന്ന് വര്‍ഷത്തോളമായി ഖത്വീഫ് സെന്‍ട്രല്‍ ആശുപത്രിയില്‍ സൂക്ഷിച്ച മലയാളിയുടെ മൃതദേഹം ഒടുവില്‍ ദമ്മാമില്‍ സംസ്‌കരിച്ചു. കാസര്‍കോട് നീര്‍ച്ചാല്‍ സ്വദേശി കന്നിയാപ്പാടി വീട്ടില്‍ കുഞ്ഞുമുഹമ്മദിെന്റ മകന്‍ ഹസൈനാറിെന്റ (57) മൃതദേഹമാണ് മൂന്ന് വര്‍ഷത്തെ അനിശ്ചിതത്വത്തിന് ഒടുവില്‍ സംസ്‌കരിച്ചത്.
പാസ്‌പോര്‍ട്ടിലും ഇഖാമയിലും വ്യാജ വിലാസം ഉപയോഗിച്ചതാണ് ഇതിന് കാരണം. ഹനൈസാര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇദ്ദേഹത്തിന്റെ മറ്റു രേഖകളിലെല്ലാം കോയമൂച്ചി എന്നാണ് പേര് രേഖപ്പെടുത്തിയിരുന്നത്. ഇത് മൂലം ബന്ധുക്കളെ കണ്ടെത്താന്‍ സാധിച്ചില്ല.
കോയമൂച്ചി, കടവന്‍പയിക്കാട്ട്, പുവാട്ട് പറമ്പ, പറപ്പൂര്‍, കോഴിക്കോട് എന്നാണ് പാസ്പോര്‍ട്ടിലുണ്ടായിരുന്ന വിവരം. അന്വേഷണത്തില്‍ പേരും വിലാസവും വ്യാജമണെന്ന് തെളിഞ്ഞു. 2015 ഡിസംബര്‍ നാലിനാണ് സൗദിയില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തിവന്ന ഇയാള്‍ അസുഖത്തെത്തുടര്‍ന്ന് മരിച്ചത്.