ജിദ്ദ: മദീന ബസ് അപകടത്തില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസില്‍ ഉണ്ടായിരുന്നുവെന്ന് കരുതുന്ന ഏഴ് ഇന്ത്യക്കാരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആണ് ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്.
മദീനയില്‍ ഒക്ടോബര്‍ 16-നുണ്ടായ ബസ് അപകടത്തില്‍ 36 പേര്‍ മരിക്കുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകട സമയത്ത് ബസില്‍ ഉണ്ടായിരുന്ന ഇന്ത്യക്കാരുടെയും ആശുപത്രിയില്‍ കഴിയുന്ന ഇന്ത്യക്കാരുടെയും വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. ഇതില്‍ മലയാളികള്‍ ഇല്ലെന്നാണ് ലഭിച്ച വിവരം.
അപകടത്തില്‍ വിവിധ രാജ്യക്കാരായ ആളുകളാണ് മരിച്ചത്. ബസ്സിലുണ്ടായിരുന്ന പൂണെ സ്വദേശികളായ മതീന് ഗുലാം, ഭാര്യ സീബ നിസാം എന്നിവര്‍ മദീന കിംഗ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലാണുള്ളതെന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.
ബിഹാര്‍ മുസഫര്‍പുര്‍ സ്വദേശി അശ്‌റഫ് ആലം, യു.പി സ്വദേശികളായ ഫിറോസ് അലി, അഫ്താബ് അലി, നൗഷാദ് അലി, സീശാന്‍ ഖാന്‍, ബിലാല്‍, പശ്ചിമ ബംഗാള്‍ സ്വദേശി മുഖ്താര്‍ അലി എന്നിവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഏഴുപേരുടെയും വിശദ വിവരങ്ങള്‍ സൗദി അധികൃതര്‍ക്ക് കോണ്‍സുലേറ്റ് കൈമാറിയിട്ടുണ്ട്.
കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഇവര്‍ മരിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടാകുമെന്ന നിഗമനത്തിലാണ് പോലീസ്. അപകടത്തില്‍ പരിക്കേറ്റവരെ കുറിച്ചും കാണാതായവരെ കുറിച്ചുമുള്ള വിവരങ്ങള്‍ അറിയാന്‍ കോണ്‍സുലേറ്റിന്റെ 0500127992, 0556122301 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും കോണ്‍സുലേറ്റ് അറിയിച്ചു.
Discussion about this post