അബുദാബി: ഹാക്ക് ചെയ്യപ്പെട്ട സമൂഹ മാധ്യമ അക്കൗണ്ടുകള്‍ ഷാര്‍ജ പോലീസിലെ സൈബര്‍ വിഭാഗം കണ്ടെടുത്തു. വാട്സാപ്പിനു പുറമെ ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, സ്നാപ്ചാറ്റ് അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെട്ടവയിലുണ്ട്. 434 ഓളം അക്കൗണ്ടുകളാണ് ഇത്തരത്തില്‍ കണ്ടെടുത്തത്.
ഈ വര്‍ഷം ആദ്യ പകുതിയിലാണ് നിരവധി സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടത്.
ഇത്തരം നിയമലംഘനങ്ങള്‍ ഇല്ലാതാക്കാന്‍ ഹാക്കിംഗ് സംഭവങ്ങള്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യണമെന്ന് പോലീസ് അറിയിച്ചു. ഹാക്ക് ചെയ്യപ്പെട്ടാല്‍ വിവരം വെബ്സൈറ്റ് വഴി ഷാര്‍ജ പോലീസില്‍ പരാതിപ്പെടുകയും ചെയ്യാം.
ഇത്തരം സാഹചര്യങ്ങള്‍ തടയാന്‍ കുറ്റമറ്റ സംവിധാനങ്ങളാണ് ഷാര്‍ജ പോലിസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അപരിചിതരുമായി ഓണ്‍ലൈനില്‍ ഇടപെടുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും ഒരുകാരണവശാലും അവരുമായി വ്യക്തിഗത വിവരങ്ങള്‍ കൈമാറരുതെന്നും ഷാര്‍ജ പോലീസ് കുറ്റാന്വേഷണ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഇബ്രാഹിം വ്യക്തമാക്കി.