അബുദാബി: പ്രവാസ ലോകത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കുന്ന വ്യക്തിയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. ഇത്തവണയും കാരുണ്യ ഹസ്തവുമായി രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം. നീണ്ട 15 വര്‍ഷം ദുരിതം അനുഭവിച്ച പട്ടാമ്പി മാട്ടായ സ്വദേശി മൂസക്കുട്ടിക്കാണ് യൂസഫലിയുടെ കൈത്താങ്ങ് ലഭിച്ചത്.
അദ്ദേഹത്തിന്റെ ഇടപെടലില്‍ കേസും ജയില്‍ വാസവും യാത്രാവിലക്കുകളും താണ്ടി മൂസക്കുട്ടി നാട്ടില്‍ തിരിച്ചെത്തി. വെള്ളിയാഴ്ച രാത്രി 9.30 നുള്ള കൊച്ചിയിലേക്കുള്ള എത്തിഹാദ് വിമാനത്തിലാണ് പുലര്‍ച്ചെ മൂന്നര മണിക്ക് മൂസക്കുട്ടിയും ഭാര്യ ബുഷ്‌റയും നാട്ടിലെത്തിയത്. മടക്കയാത്ര എന്നത് ഒരു സ്വപ്‌നം മാത്രമായി അവശേഷിച്ച മൂസക്കുട്ടിക്ക് ഇത് സ്വപ്‌നസാഫല്യം കൂടിയാണ്.
റാസല്‍ ഖൈമ സ്വദേശി നല്‍കിയ പരാതിയാണ് മൂസക്കുട്ടിയുടെ ജീവിതത്തിന്റെ താളം തെറ്റിച്ചത്. ഒരു കാലത്ത് വ്യവസായി കൂടിയായിരുന്നു ഇദ്ദേഹം. പരാതിയില്‍ അഞ്ച് വര്‍ഷക്കാലം മൂസക്കുട്ടി ജയിലില്‍ കിടന്നു. ഇതിനു പുറമെ യാത്രാവിലക്കും. ഇതോടെ ജീവിതം ഇരുട്ടിലായി എന്ന അവസ്ഥയിലുമായി. നാട്ടിലേയ്ക്ക് മടങ്ങാനാകാതെ മൂസക്കുട്ടിയും കുടുംബവും ഷാര്‍ജയിലെ ഒരു ഒറ്റമുറിയില്‍ ഒതുങ്ങിക്കൂടി. സംഭവത്തില്‍ മൂന്ന് കോടി രൂപ നല്‍കിയാല്‍ മാത്രമെ കേസ് പിന്‍വലിക്കുകയൊള്ളൂവെന്ന് പരാതിക്കാരന്‍ ഉറച്ച് നില്‍ക്കുകയും ചെയ്തു. ഇതോടെ നാട് എന്നത് സ്വപ്‌നം മാത്രം ആവുകയായിരുന്നു.
ഇതിനിടയില്‍ അസുഖബാധിതനായ മൂസക്കുട്ടിയുടെ സംസാരശേഷിയും നഷ്ടപ്പെട്ടു. ഈ പ്രവാസിയുടെ ദുരിതം ഒടുവില്‍ എംഎ യൂസഫലിയും അറിയുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ ഷാര്‍ജയിലെത്തി കാണുകയും ബാധ്യതകള്‍ക്ക് നിയമപരമായ മാര്‍ഗത്തിലൂടെ പരിഹാരം കണ്ട് നാട്ടിലെത്തിക്കുമെന്ന് മൂസക്കുട്ടിക്ക് യൂസഫലി ഉറപ്പ് നല്‍കുകയും ചെയ്തു. ആ ഉറപ്പാണ് ഇന്ന് അദ്ദേഹം പാലിച്ചിരിക്കുന്നത്. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ ഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയെ യൂസഫലി കണ്ട് സംസാരിച്ചാണ് മൂസക്കുട്ടിയുടെ നാട്ടിലേക്കുള്ള മോചനത്തിന് തുടക്കമായത്. 28 കേസുകളിലായി 80 ലക്ഷം (4 ലക്ഷം ദിര്‍ഹം) രൂപ യൂസഫലി റാസല്‍ ഖൈമ കോടതിയില്‍ കെട്ടി വെച്ചു. തുടര്‍ന്നാണ് മൂസക്കുട്ടി നാട്ടിലെത്തിയത്.
Discussion about this post