റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ 35 പേര് മരണപ്പെട്ടു. മരിച്ചവരില്‍ ഉംറ തീര്‍ത്ഥാടകരും ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. തീര്‍ത്ഥാടകരുമായി പോകുകയായിരുന്ന ബസ് മണ്ണുമാന്തി യന്ത്രത്തില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മദീനയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെ ഹിജ്റ റോഡിലാണ് അപകടം സംഭവിച്ചത്.
ഏഷ്യന്‍, അറബ് വംശജരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. കൂട്ടിയിടിച്ച ശേഷം ബസിന് തീപിടിക്കുകയും ചെയ്തു. ഇതാണ് ദുരന്തത്തിന് വഴിവെച്ചത്. 39 തീര്‍ത്ഥാടകരാണ് ബസിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്.
സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരിച്ചവരില്‍ ഇന്ത്യക്കാരുണ്ടോ എന്ന കാര്യം ഇതുവരെയും വ്യക്തമായിട്ടില്ല. അപകടത്തില്‍ പരിക്കേറ്റവരെ അല്‍-ഹംന ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.