റിയാദ്: വിവിധ കാരണങ്ങൾ കൊണ്ട് സൗദിയിലെ തിരിച്ചറിയൽ രേഖയായ ഇഖാമ പുതുക്കാനാവാത്ത ഇന്ത്യക്കാർക്ക് സൗദിയിൽ നിന്നും നാട്ടിലേക്ക് മടങ്ങാൻ അവസരം. ഹുറൂബിലകപ്പെട്ടവർക്കും നാടുവിടാൻ അവസരമുണ്ട്. സൗദിയിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഇഖാമ പുതുക്കാൻ കഴിയാതെ പ്രതിസന്ധിയിലായ വീട്ടുഡ്രൈവർമാർക്കും വ്യക്തിഗത വിസയുള്ള ഇന്ത്യക്കാർക്കും നാടുകടത്തൽ കേന്ദ്രം വഴി സൗദിയിൽനിന്നും ഇന്ത്യയിലേക്ക് മടങ്ങാനുള്ള അവസരം ഉള്ളതായി റിയാദ് ഇന്ത്യൻ എംബസി അറിയിച്ചു.
വീട്ടുഡ്രൈവർ വിസയിലുള്ളവർക്കും വ്യക്തിഗത വിസയിലുള്ളവർക്കുമാണ് നാടുകടത്തൽ കേന്ദ്രം വഴി നാട്ടിലെത്താൻ അവസരമുള്ളത്. അടുത്ത ഞായറാഴ്ച മുതലാണ് നാടുകടത്തൽ കേന്ദ്രം നടപടികൾ തുടങ്ങുക. നാട്ടിലേക്ക് പോകുവാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ളവർ റിയാദിലുള്ള ഇന്ത്യൻ എംബസിയുമായോ ജിദ്ദയിലുള്ള ഇന്ത്യൻ കോൺസുലേറ്റുമായോ ബന്ധപ്പെടണമെന്ന് ഇന്ത്യൻ എംബസി കമ്മ്യൂണിറ്റി വെൽഫയർ കോൺസുലർ ദേശ്ബന്ദു ഭാട്ടി അറിയിച്ചു.
ഒരു ദിവസം അമ്പതോളം ഇന്ത്യക്കാർക്കാണ് ഇത്തരത്തിൽ നാട്ടിലേക്ക് മടങ്ങാനാവുക. അടുത്ത ഞായറാഴ്ച മുതൽ നാടുകടത്തൽ കേന്ദ്രത്തിൽ നടപടികൾ തുടങ്ങും. ബുധനാഴ്ച മുതൽ എംബസിയിലും കോൺസുലേറ്റിലുമെത്തി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. പേര് രജിസ്റ്റർ ചെയ്യുന്ന മുറയ്ക്ക് ആവശ്യമായ യാത്രാരേഖകൾ നൽകി തുടങ്ങും.
അതേസമയം കമ്പനികളുടെയും മറ്റ് സ്ഥാപനങ്ങളുടെയും താമസ രേഖയുള്ളവരും കേസിലകപ്പെട്ടവർക്കും നാട്ടിലേക്ക് പോകുവാൻ അവസരമില്ലാത്തതിനാൽ അത്തരക്കാർ കോൺസുലേറ്റിലോ എംബസിയിലോ ചെന്ന് പേര് രജിസ്റ്റർ ചെയ്യേണ്ടതില്ല.
Discussion about this post