അബുദാബി: ചരിത്രദൗത്യം പൂര്‍ത്തിയാക്കി യുഎഇയുെട പ്രഥമ ബഹിരാകാശ യാത്രികന്‍ ഹസ്സ അന്‍ മന്‍സൂരി ഭൂമിയില്‍ സുരക്ഷിതനായി തിരിച്ചെത്തി. കസഖ്സ്ഥാനിലെ ചെസ്ഗാസ്‌ഗേനില്‍ യുഎഇ സമയം വ്യാഴം ഉച്ചകഴിഞ്ഞ് 2.59ന് ആയിരുന്നു അദ്ദേഹം തിരിച്ചെത്തിയത്.
എട്ടു ദിവസത്തെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെ താമസത്തിന് ശേഷമാണ് ഹസ്സ അല്‍ മന്‍സൂരി മറ്റു രണ്ടു സഞ്ചാരികള്‍ക്കൊപ്പം സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തിയത്.
റഷ്യന്‍ പേടകമായ സോയുസാണ് സഞ്ചാരികളെ കസാകിസ്ഥാനില്‍ സുരക്ഷിതമായി ഇറക്കിയത്. ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു ബഹിരാകാശ നിലയത്തില്‍ നിന്നു ഭൂമിയിലേക്കുള്ള യാത്ര. റഷ്യന്‍ കമാന്‍ഡര്‍ അലക്‌സി ഓവ്ചിനിന്‍, അമേരിക്കന്‍ ബഹിരാകാശയാത്രികന്‍ നിക്ക് ഹേഗ് എന്നിവരും ഹസ്സയ്‌ക്കൊപ്പമുണ്ടായിരുന്നു.
അതേസമയം, ഹസ്സയുടെ ബഹിരാകാശ പ്രവേശനത്തെ ഇമറാത്തി യുവതയുടെ അഭിമാന നേട്ടമായി അറബ്-മുസ്ലിം ലോകത്തിന് സമര്‍പ്പിക്കുന്നുവെന്ന് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പറഞ്ഞു. അറബ് ലോകത്തിന് കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കാന്‍ ആത്മവിശ്വാസം പകരുന്ന ചുവടുവെപ്പാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
Discussion about this post