റിയാദ്: മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗ്ജിയുടെ വധത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് തെളിഞ്ഞ അഞ്ച് സൗദി ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സൗദി പ്രോസിക്യൂട്ടര്‍. അറസ്റ്റിലായ 21 പ്രതികളില്‍ 11 പേര്‍ക്കെതിരേയുള്ള കുറ്റപത്രം സമര്‍പ്പിച്ചുവെന്നും പ്രോസിക്യൂട്ടര്‍ സൗദ് അല്‍ മൊജീബ് റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സൗദി വിമര്‍ശകനായ ഖഷോഗ്ജിയെ വധിക്കാന്‍ ഉത്തരവിട്ടതിലും കൊലപാതകം നടപ്പാക്കിയതിലും നേരിട്ടുപങ്കുള്ള ഉദ്യോഗസ്ഥര്‍ക്കാണ് വധശിക്ഷ നല്‍കുക.
മറ്റുപ്രതികള്‍ക്ക് കുറ്റത്തിനനുസരിച്ചുള്ള തടവുശിക്ഷ നല്‍കണമെന്നും സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സിയില്‍ (സ്പാ) പ്രസിദ്ധീകരിച്ച ഔദ്യോഗികപ്രസ്താവനയില്‍ പറയുന്നു. വധത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് പങ്കില്ലെന്നും അദ്ദേഹം വ്യാഴാഴ്ച പറഞ്ഞു. ഒക്ടോബര്‍ രണ്ടിനാണ് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ വെച്ച് ഖഷോഗ്ജി കൊല്ലപ്പെട്ടത്.
ഖഷോഗ്ജിയെ തിരികെ സൗദിയിലെത്തിക്കണമെന്ന് ഉത്തരവിട്ടതും അദ്ദേഹത്തെ വധിക്കാനായി ഈസ്താംബൂളിലെത്തിയ 15 അംഗ സംഘത്തിന് നിര്‍ദേശം നല്കിയതും സൗദി രഹസ്യാന്വേഷണവിഭാഗം ഉപമേധാവി അഹമ്മദ് അല്‍ അസ്സിരിയാണ്. സെപ്റ്റംബര്‍ 29-ന് കൊലപാതകം നടപ്പാക്കുന്നതിനുള്ള പരിശീലനവും സംഘം നടത്തിയതായും റിയാദില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അല്‍ മൊജീബ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് 21 പേരെ സൗദി ഇതുവരെ അറസ്റ്റുചെയ്തു. സൗദിയുടെ വിശദീകരണം ശുഭസൂചനയാണെങ്കിലും അവ അപര്യാപ്തമാണെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്ലുത് കാവുസോഗ്ലു പ്രതികരിച്ചു.
അതേസമയം, ഖഷോഗ്ജിവധവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് തങ്ങളുമായി സഹകരണക്കരാറില്‍ തുര്‍ക്കി ഒപ്പുവെക്കണമെന്ന് സൗദി. അന്വേഷണഫലങ്ങള്‍ തുര്‍ക്കിയുമായി പങ്കുവെക്കുന്നതിന് ഇത്തരത്തിലൊരു ധാരണ ആവശ്യമാണെന്നും സൗദി പറഞ്ഞു.
Discussion about this post