കുവൈറ്റ് സിറ്റി: കനത്ത മഴയെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ച കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യോമഗതാഗതം പുനരാരംഭിച്ചു. വ്യോമയാന വകുപ്പ് മേധാവി ശൈഖ് സല്മാന് ഹമൂദ് അസ്സബാഹ് ആണ് ഇക്കാര്യം അറിയിച്ചത്. രാവിലെ വിമാനത്താവളം അടച്ചതിനെ തുടര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ ദുരിതത്തിലായിരുന്നു.
കനത്ത മഴയെ തുടര്‍ന്നു ബുധനാഴ്ച രാത്രി മുതലാണ് വിമാനത്താവളത്തിലെ പ്രവര്‍ത്തനം തടസ്സപ്പെട്ടത്. കുവൈറ്റില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ സൗദിയിലെ റിയാദ്, ദമാം, ബഹ്റൈനിലെ മനാമ എന്നീ വിമാനത്താവളങ്ങളിലേക്കു വഴി തിരിച്ചു വിടുകയായിരുന്നു. ഇന്നലെ കുവൈത്തില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനം റാദ്ദാക്കിയിരുന്നു.
ബുധനാഴ്ച ഉച്ചയോടെ ആരംഭിച്ച മഴയില്‍ രാജ്യത്തിന്റെ പല പ്രദേശങ്ങളിലും വെള്ളം കയറിയ അവസ്ഥയിലാണ്. കനത്ത മഴ തുടരുന്നതിനാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും ഇന്നും അവധി നല്‍കിയിരിക്കുകയാണ്.
സവന്ത് റിങ് റോഡില്‍ കുത്തിയൊലിച്ചുവന്ന വെള്ളത്തില്‍ ഏതാനും വാഹനങ്ങള്‍ ഒലിച്ചുപോയി. അഹ്മദി, ഫര്‍വാനിയ ഗവര്‍ണറേറ്റുകളിലാണ് വെള്ളപ്പൊക്കം കൂടുതല്‍ അനുഭവപ്പെട്ടത്. വെള്ളിയാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
Discussion about this post