തീര്‍ത്തും അപരിചിതനായ ഒരു വ്യക്തി നടന്ന് വന്ന് സമ്മാനമായി സ്വര്‍ണ്ണ നാണയം കൊടുത്തതിന്റെ സന്തോഷത്തിലാണ് മുഹമ്മദ് അബ്ദുള്‍ തഹീര്‍. സന്തോഷത്തിലുപരി അമ്പരപ്പാണ് ആദ്യം തഹീറിനുണ്ടായത്. ഈ വിചിത്ര സംഭവം നടന്നത് ഇവിടെ ഒന്നുമല്ല, അബുദാബിയില്‍ ആണ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ബിഗ് ടിക്കറ്റിന്റെ അവതാരകന്‍ റിച്ചാര്‍ഡാണ് മുഹമ്മദ് അബ്ദുല്‍ തഹീര്‍ എന്ന ചെറുപ്പക്കാരന് സ്വര്‍ണ്ണം നല്‍കിയത്. സന്തോഷം കൊണ്ട് തഹീറിന്റെ കണ്ണുകള്‍ നിറയുകയും ചെയ്തു. അബുദാബി ബിഗ് ടിക്കറ്റ് അധികൃതരാണ് വീഡിയോ പുറത്ത് വിട്ടത്. ‘ആരുടെയെങ്കിലും ഒരു ദിവസത്തെ ജീവിതം നിങ്ങളെ കൊണ്ട് സന്തോഷിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടോ’ എന്ന ചോദ്യത്തോടെയാണ് ബിഗ് ടിക്കറ്റ് വീഡിയോ പോസ്റ്റ് ചെയ്തത്.
റോഡിലൂടെ നടന്ന റിച്ചാര്‍ഡ് തഹീറിനെ കാണുകയും ‘ഈ മാസം നിങ്ങളെ ഞാന്‍ സഹായിക്കട്ടേ’ എന്നു ചോദിക്കുകയും ചെയ്താണ് തുടക്കം. റോഡിലൂടെ ഇരുവരും നടക്കുകയും റിച്ചാര്‍ഡ് കൈയ്യില്‍ കരുതിയിരുന്ന സ്വര്‍ണ്ണ നാണയം മുഹമ്മദിന് സമ്മാനിക്കുകയും ചെയ്യുകയായിരുന്നു. ‘മുഹമ്മദ് നിങ്ങള്‍ സ്വപ്നം കാണുകയോ ആഗ്രഹിക്കുകയോ ചെയ്യുന്ന ഒരു കാര്യമുണ്ടെങ്കില്‍ അതെന്തായിരിക്കും’ റിച്ചാര്‍ഡ് ചോദിച്ചു. പക്ഷേ, മുഹമ്മദ് പ്രതികരിച്ചില്ല. അദ്ദേഹം ചോദ്യം ആവര്‍ത്തിച്ചു.
‘ഞാന്‍ ഇത് വില്‍ക്കുകയും പണം നാട്ടിലെ കുടുംബത്തിന് അയച്ചു കൊടുക്കുകയും ചെയ്യും’മുഹമ്മദ് മറുപടി നല്‍കി. ‘നിങ്ങളുടെ കുടുംബം ഈ മാസം വളരെ സന്തോഷിക്കും. അബുദാബിയില്‍ ഈ സമ്മാനം ലഭിക്കുന്ന ഏക വ്യക്തിയാണ് താങ്കള്‍’ റിച്ചാര്‍ഡ് പറയുന്നു. ‘ഞാന്‍ വളരെ സന്തുഷ്ടനാണ്, ഭാഗ്യവാനും’ പുഞ്ചിരിച്ചുകൊണ്ട് മുഹമ്മദ് മറുപടി നല്‍കി.
‘ഈ സ്വര്‍ണ്ണം നിങ്ങള്‍ക്കാണ്. ഇത് നിങ്ങളുടെ കുടുംബത്തെ സഹായിക്കും. വളരെ സുരക്ഷിതമായി സൂക്ഷിക്കണം. നിങ്ങളുടെ രണ്ടോ മൂന്നോ മാസത്തെ ശമ്പളമാണ് ഈ സ്വര്‍ണ്ണ നാണയം. സുരക്ഷിതമായി സൂക്ഷിക്കണം’ റിച്ചാര്‍ഡ് പറഞ്ഞു. ഇന്ന് അബുദാബിയിലെ ഏറ്റവും സന്തോഷവാനായ മനുഷ്യനാണ് ഇത്. താങ്കളെ കാണാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും റിച്ചാര്‍ഡ് ആവര്‍ത്തിച്ചു.
Discussion about this post