ഷാര്‍ജ: കേരളത്തിലെ കപട പരിസ്ഥിതിവാദികളുടെ കുപ്രചാരണങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രമുഖ വ്യവസായി എംഎ യൂസഫലി. ഷാര്‍ജയില്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ ആണ് അദ്ദേഹം കേരളത്തിലെ കപട പരിസ്ഥിതിവാദികളെ കുറിച്ച് സംസാരിച്ചത്.
പ്രവാസി ജീവിതത്തില്‍ നിന്ന് ലഭിച്ച തുക നമ്മുടെ നാട്ടില്‍ തന്നെ ഇന്‍വെസ്റ്റ് ചെയ്യാന്‍ പോയാല്‍ അതിനെതിരെ ഒരുപാട് പ്രശ്നങ്ങളുമായി കപട പരിസ്ഥിതിവാദികള്‍ എത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രവാസികളെ നാട്ടില്‍ ജീവിക്കാന്‍ സമ്മതിക്കാതെ ആട്ടി ഓടിക്കുന്ന സന്ദര്‍ഭം ഇന്ന് സംജാതമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തനിക്ക് ഇതുപോലെ ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയ്യായിരത്തി അറുന്നൂറോളം ആളുകള്‍ പണിയെടുക്കുന്ന ലുലു മാള്‍ കൊച്ചിയില്‍ പണിയാന്‍ വന്നപ്പോള്‍ യൂസഫലി സ്ഥലം കൈയേറി എന്ന് പറഞ്ഞ് ദിവസവും തനിക്കെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കിയ കപട പരിസ്ഥിതിവാദികള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് ലുലു മാളിന്റെ ഉദ്ഘാടനം കഴിഞ്ഞപ്പോള്‍ തനിക്കെതിരെ ടിവിയില്‍ ഘോരഘോരം പ്രസംഗിച്ചയാള്‍ മക്കളും പേരക്കുട്ടികളുമായി വന്ന് ലുലുവില്‍ നിന്ന് ചായ കുടിക്കുന്ന കാഴ്ചയും താന്‍ കണ്ടുവെന്ന് പരിഹാസരൂപേണ അദ്ദേഹം പറഞ്ഞു. ബോള്‍ഗാട്ടിയില്‍ ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്റര്‍ കെട്ടിപ്പൊക്കിയപ്പോള്‍ അത് ചതുപ്പ് നിലമാണെന്നും അവിടെ കെട്ടിടം പണിയാന്‍ പാടില്ലെന്നും പറഞ്ഞ് ടിവിയില്‍ ദിനവും പ്രസംഗിച്ച വ്യക്തി ഉണ്ടായിരുന്നുവെന്നും, ഒരിക്കല്‍ മനോരമയുടെ ഒരു പരിപാടി അവിടെ വെച്ച് നടന്നപ്പോള്‍ ആ വ്യക്തിയും കുടുംബവും അവിടുന്ന് ഭക്ഷണം കഴിക്കുന്ന കാഴ്ചയും താന്‍ കണ്ടെന്ന് യൂസഫലി കൂട്ടിച്ചേര്‍ത്തു.
Discussion about this post