ദുബായ്: ദുബായിലെ ഷോപ്പിങ് മാളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ അഞ്ചുവയസ്സുകാരന്റെ ചുരുളഴിയുന്നു. കുട്ടിയെ കണ്ടെത്തിയ അന്നുമുതല്‍ മാതാപിതാക്കളെ കണ്ടെത്താന്‍ ദുബായ് പോലീസ് സോഷ്യല്‍മീഡിയയിലൂടെ സഹായം അഭ്യര്‍ഥിച്ചിരുന്നു. 10 ദിവസമായിട്ടും കുഞ്ഞിനെ തേടി ആരും എത്താത്തിതിനെ തുടര്‍ന്ന് ദുബായ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.
കുട്ടിയുടെ അമ്മയായ വിദേശ യുവതി അഞ്ച് വര്‍ഷം മുന്‍പ് രാജ്യം വിട്ടുപോയെന്നും പ്രവാസിയായിരുന്ന ഇവര്‍ കുഞ്ഞിനെ സ്വന്തം രാജ്യക്കാരിയായ മറ്റൊരു സ്ത്രീയെ നോക്കാന്‍ ഏല്‍പ്പിച്ച ശേഷമായിരുന്നു രാജ്യം വിട്ടത്. പിന്നീട് തിരികെ വന്നിട്ടില്ലെന്നും ദുബായ് പോലീസ് കണ്ടെത്തി.
കുട്ടിയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ച ദുബായ് പോലീസ്, എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ വിവരങ്ങള്‍ പോസ്റ്റ് ചെയ്ത് ആദ്യ 90 മിനിറ്റിനുള്ളില്‍ തന്നെ തങ്ങള്‍ക്ക് ആദ്യ ഫോണ്‍ കോള്‍ ലഭിച്ചുവെന്ന് അല്‍ മുറഖബ പോലീസ് സ്റ്റേഷന് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അലി ഗനം അറിയിച്ചു. കുട്ടിയെ തനിക്ക് അറിയാമെന്നും ഷാര്‍ജയിലുള്ള ഒരു സ്ത്രീയ്ക്കൊപ്പമാണ് അവന് താമസിച്ചിരുന്നതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.
തുടര്‍ന്ന് ഷാര്‍ജ പോലീസിന്റെ സഹകരണത്തോടെ, ദുബായ് പോലീസ് ഈ സ്ത്രീയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. എന്നാല്‍ കുട്ടി തന്റെ മകനല്ലെന്നും അഞ്ച് വര്‍ഷം മുന്‍പ് തന്നെ നോക്കാന്‍ ഏല്‍പ്പിച്ചശേഷം അവന്റെ അമ്മ രാജ്യം വിട്ടതാണെന്നും സ്ത്രീ പോലീസിനോട് പറഞ്ഞു. കുട്ടിയുടെ അമ്മ പിന്നീട് തിരികെ വന്നില്ല. അവരുടെ വിലാസം അറിയില്ല. ബന്ധുക്കളെയോ സുഹൃത്തുക്കളെയോ തനിക്ക് പരിചയവുമില്ല. ഇതോടെ താന്‍ തന്നെ കുഞ്ഞിനെ പരിചരിക്കാന്‍ തുടങ്ങി. അധികൃതരെ അറിയിക്കാതെ അഞ്ച് വര്‍ഷം അവനെ വളര്‍ത്തി. എന്നെങ്കിലും അവനെ അന്വേഷിച്ച് അമ്മ തിരികെയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്രയും നാള് കാത്തിരുന്നത്.
കുഞ്ഞിന് അഞ്ച് വയസായതോടെ അവന്റെ വിദ്യാഭ്യാസ ചിലവുകള്‍ ഉള്‍പ്പെടെ വഹിക്കാന്‍ കഴിയാതെയായി. ഇതോടെ സുഹൃത്തുക്കളുടെ സഹായം തേടുകയായിരുന്നു. സുഹൃത്തുക്കളാണ് മറ്റാരെയെങ്കിലും ഏല്‍പ്പിക്കാന്‍ നിര്‍ദേശിച്ചത്. അല്‍ മുതീനയില്‍ താമസിച്ചിരുന്ന മറ്റൊരു സ്ത്രീ പിന്നീട് കുറേനാള്‍ കുഞ്ഞിനെ സംരക്ഷിച്ചു. എന്നാല്‍ ഇവര്‍ക്കും അധികനാള്‍ മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല. ഇവരും ഒരു സുഹൃത്തിനോട് മറ്റുവഴികള്‍ ആരാഞ്ഞു. കുഞ്ഞിനെ ഷോപ്പിങ് മാളില്‍ ഉപേക്ഷിക്കാനും, ഒറ്റയ്ക്ക് മാളില്‍ ഒരു കുട്ടി ഇരിക്കുന്ന വിവരം പോലീസിനെ അറിയിക്കാനുമാണ് സുഹൃത്ത് നിര്‍ദേശിച്ചത്.
നാല് സ്ത്രീകളുടെയും രക്ത സാമ്പിളുകള്‍ ശേഖരിച്ച് ഡിഎന്‍എ പരിശോധന നടത്തിയെങ്കിലും ഇവരാരും കുഞ്ഞിന്റെ അമ്മയല്ലെന്ന് തെളിഞ്ഞതായി ദുബായ് പൊലീസ് അറിയിച്ചു. 11 ദിവസമായിട്ടും ആരും അന്വേഷിച്ച് എത്താത്തതിനെ തുടര്‍ന്ന് കുഞ്ഞ് ഇപ്പോള്‍ ദുബായ് ഫൗണ്ടേഷന് ഫോര്‍ വിമണ്‍ ആന്റ് ചില്‍ഡ്രന്റെ സംരക്ഷണയിലാണ്.
ഈ മാസം ഏഴിനാണ് ഒരു ഫിലിപ്പിനോ യുവതി, കുട്ടിയെ തനിച്ച് മാളില്‍ കണ്ടെത്തിയ വിവരം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് അല്‍ മുറഖബ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്ന കുട്ടിയെ ഏതാനും ദിവസം അവിടുത്തെ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് സംരക്ഷിച്ചത്. ഇംഗ്ലീഷ് മാത്രം സംസാരിച്ചിരുന്ന കുട്ടി തന്റെ മാതാപിതാക്കളുടെ പേര് പോലും പറഞ്ഞിരുന്നില്ല. അച്ഛന്റെ പേര് ചോദിക്കുമ്പോള്‍ സൂപ്പര്‍ മാനാണെന്നായിരുന്നു മറുപടി.