ദുബായ്: ചെക്ക് കേസില്‍ തനിയ്‌ക്കെതിരെ നാസില്‍ അബ്ദുല്ല നല്‍കിയ സിവില്‍ കേസ് ദുബായ് കോടതി തള്ളിയതായി തുഷാര്‍ വെള്ളാപ്പള്ളി. കേസില്‍ ഒത്തുതീര്‍പ്പ് വൈകുന്ന സാഹചര്യത്തിലാണ് പരാതിക്കാരനായ നാസില്‍ അബ്ദുല്ല ദുബായ് കോടതിയില്‍ കഴിഞ്ഞ ദിവസം സിവില്‍ കേസ് നല്‍കിയത്. തുഷാര്‍ വെള്ളാപ്പള്ളിക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം.
എന്നാല്‍ മതിയായ രേഖകളില്ലെന്ന് കാണിച്ച് ഈ കേസ് കോടതി തള്ളുകയായിരുന്നുവെന്ന് വൈകുന്നേരം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു. നാസിലിന് താന്‍ ചെക്ക് നല്‍കിയിട്ടില്ലെന്ന വാദം തുഷാര്‍ ആവര്‍ത്തിക്കുകയും ചെയ്തു.
അതേസമയം ദുബായ് കോടതി യാത്രവിലക്ക് ഹര്‍ജി തള്ളിയാലും ക്രിമിനല്‍ കേസില്‍ അജ്മാന്‍ കോടതിയുടെ യാത്രാ വിലക്കുള്ളതിനാല്‍ തുഷാറിന് നാട്ടിലേക്ക് വരാനാവില്ല.
ശ്രദ്ധ ലഭിക്കാന്‍ വേണ്ടിയാണ് നാസില്‍ അബ്ദുള്ള തനിക്കെതിരെ പരാതി നല്‍കിയതെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. പുറത്തുവന്ന ശബ്ദ സംഭാഷണത്തെ ന്യായീകരിക്കാന്‍ നാസില്‍ പറയുന്ന വാദങ്ങള്‍ പച്ചകള്ളമാണ്. തന്റെ വാദങ്ങള്‍ ശരിവെക്കുന്നതാണ് ശബ്ദ സന്ദേശത്തിലെ വിവരങ്ങള്‍.
കേസിനെ വര്‍ഗീയവത്കരിക്കാനുള്ള നാസിലിന്റെ ശ്രമവും ദൗര്‍ഭാഗ്യകരമാണ്. കോടതിക്ക് പുറത്ത് ഇനി ഒത്തുതീര്‍പ്പിനില്ലെന്നും നിയമപരമായി നേരിടുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
Discussion about this post