പ്രവാസികള്‍ക്ക് തിരിച്ചടിയാകുമോ..? കുവൈറ്റ് സര്‍ക്കാര്‍ ആശുപത്രികളില്‍ വിദേശികള്‍ക്കുള്ള ചികിത്സ മൂന്ന് വര്‍ഷത്തിനകം നിര്‍ത്തലാക്കും

കുവൈറ്റ്: പ്രവാസികള്‍ക്ക് തിരിച്ചടിയായി കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവ്. സര്‍ക്കാര്‍ ആശുപത്രികളില്‍ വിദേശികള്‍ക്കുള്ള ചികിത്സ മൂന്ന് വര്‍ഷത്തിനകം നിര്‍ത്തലാക്കും. മാത്രമല്ല പ്രവാസികള്‍ക്ക് പ്രത്യേക ആശുപത്രികളുടെ നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കും എന്നാല്‍ ആനുകൂല്യങ്ങളില്‍ വന്‍ ഇടിവാണ് വിദേശികളെ കാത്തിരിക്കുന്നത്.

സ്വദേശി വത്കരണത്തിന്റെ ബാക്കി പത്രമാണ് ഈ ഉത്തരവ്. സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്ന വിദേശികളുടെ എണ്ണം പരമാവധി കുറയ്ക്കാനും തിരക്കൊഴിവാക്കി സ്വദേശികള്‍ക്ക് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും വേണ്ടിയാണിതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. എല്ലാ വിദേശികള്‍ക്കും സ്വകാര്യ ആശുപത്രികളില്‍ ചികിത്സ ലഭ്യമാക്കുന്നതിനു അസൗകര്യമുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

എന്നാല്‍ ചില മേഖലയിലെ ആളുകള്‍ക്ക് ചില ഇളവുകളും അനുവദിക്കുന്നു. ഗാര്‍ഹിക തൊഴിലാളികള്‍, മറ്റു ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍, സ്വദേശി ഭാര്യമാരില്‍ വിദേശികളുടെ മക്കള്‍ എന്നിവര്‍ക്കാണ് നിലവില്‍ ചികിത്സ ചിലവില്‍ ഇളവു അനുവദിച്ചിട്ടുള്ളത്. എന്നാല്‍ ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാര്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്. ഇത് ഒഴിവാക്കണമെന്ന പാര്‍ലമെന്റ് സമിതി നിര്‍ദേശവും അധികൃതരുടെ പരിഗണനയിലുണ്ട്.

Exit mobile version