അബുദാബി: ലോകമെമ്പാടും സ്വീകാര്യതയുള്ള വിസ, മാസ്റ്റർ കാർഡുകൾക്ക് പകരമായി ഇനി യുഎഇയിൽ ഇന്ത്യയുടെ സ്വന്തം റുപേ കാർഡും ഉപയോഗിക്കാം. റുപേ കാർഡുകൾ സ്വീകരിക്കുന്ന ആദ്യ ഗൾഫ് രാജ്യമാവുകയാണ് യുഎഇ. ഡിജിറ്റൽ ഇരുരാജ്യങ്ങൾക്കും ഇടയിലെ വ്യാപാരം, ടൂറിസം, പേയ്മെന്റ് തുടങ്ങിയ രംഗങ്ങളിൽ ബന്ധം ശക്തമാക്കുന്ന നടപടിയെ പ്രമുഖ പ്രവാസി വ്യവസായികൾ സ്വാഗതം ചെയ്തു.
പ്രവാസികൾക്കും യുഎഇ സന്ദർശിക്കുന്നവർക്കും ഏറെ ഗുണം ചെയ്യുന്ന തീരുമാനമാണിതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറഞ്ഞു. എൻഎംസി ഗ്രൂപ്പ് ചെയർമാൻ ബിആർ ഷെട്ടിയും തീരുമാനത്തെ സ്വാഗതം ചെയ്തു.
പണമിടപാടുകൾക്ക് മാസ്റ്റർ, വിസ ഡെബിറ്റ് കാർഡുകളേക്കാൾ നിരക്ക് കുറവായിരിക്കുമെന്നതാണ് റുപേയുടെ പ്രത്യേകത. റുപേ കാർഡിന്റെ ഉപയോഗം സാധ്യമാക്കുന്നതിന് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും യുഎഇയിലെ മെർക്കുറി പേയ്മെന്റും ധാരണാപത്രം ഒപ്പുവെയ്ക്കും. ഇതോടെ യുഎഇയിലെ പിഒഎസ് ടെർമിനലുകളിൽ റുപേ കാർഡുകൾ ഉപയോഗിക്കാൻ സാധിക്കും.
Discussion about this post