അബുദാബി: ഗള്‍ഫ് സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി അബുദാബിയിലെത്തി. രാവിലെ പതിനൊന്നരയ്ക്ക് അബുദാബി എമിറേറ്റ്‌സ് പാലസില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യയുടെ റുപേ കാര്‍ഡിന്റെ ഉദ്ഘാടനം നരേന്ദ്ര മോഡി നിര്‍വഹിക്കും.
നാല് വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി യുഎഇയിലെത്തുന്നത്. രണ്ടുദിവസത്തെ ഗള്‍ഫ് സന്ദര്‍ശനത്തിനായാണ് മോഡി അബുദാബിയില്‍ എത്തിയത്. പ്രസിഡന്‍ഷ്യല്‍ പാലസില്‍ എത്തുന്ന പ്രധാനമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കും. പാലസില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് മെഡല്‍ നരേന്ദ്ര മോഡിക്ക് സമ്മാനിക്കും. ഓര്‍ഡര്‍ ഓഫ് സായിദ് മെഡല്‍ ഏറ്റുവാങ്ങുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.
മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക സ്റ്റാമ്പ് പ്രധാനമന്ത്രിയും ശൈഖ് മുഹമ്മദും ചേര്‍ന്ന് പുറത്തിറക്കും. വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച കരാറുകളും ഇതോടനുബന്ധിച്ച് ഒപ്പുവയ്ക്കും. തുടര്‍ന്ന് പ്രസിഡന്‍ഷ്യല്‍ പാലസിലെ ഉച്ചവിരുന്നിന് ശേഷം യുഎഇ പര്യടനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി ബഹ്‌റൈനിലേക്ക് യാത്ര തിരിക്കും.
ഇന്ത്യാ-യുഎഇ ബന്ധത്തിലെ സുവര്‍ണ അധ്യായമാണ് മോഡിയുടെ മൂന്നാമത് സന്ദര്‍ശനവും പരമോന്നത പുരസ്‌കാര സ്വീകരണവും.