ദുബായ്: ഭർത്താവ് അമിതമായ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്നെന്ന പരാതിയുമായി യുവതി രംഗത്ത്. വളരെ റൊമാന്റിക്കായ ഒരു തവണ പോലും വഴക്കിടാത്ത ഭർത്താവിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ടാണ് യുവതി കോടതിയിലെത്തിയിരിക്കുന്നത്. സംഭവം നടന്നത് യുഎഇയിലാണ്.
വിവാഹം കഴിഞ്ഞിട്ട് ഒരു വർഷമായെന്നും എന്നാൽ ഇതുവരെ ഒരിക്കൽ പോലും ഭർത്താവ് തന്നോട് വഴക്കിടുകയോ ദേഷ്യപ്പെടുകയോ ചെയ്തിട്ടില്ലെന്ന് യുവതി നൽകിയ വിവാഹമോചന ഹർജിയിൽ പറയുന്നു. ഇന്നേവരെ ഒരിക്കൽ പോലും ഭർത്താവ് വഴക്കിട്ടിട്ടില്ല. വീട്ടുകാര്യങ്ങളിൽ എല്ലാം തന്നെ സഹായിക്കുന്നു, തനിക്കുള്ള ഭക്ഷണം പോലും തയാറാക്കി തരുന്നു. ഇങ്ങനെ കൂടുതൽ സ്നേഹം തരുന്ന ഒരാളെ തനിക്ക് വേണ്ടെന്നാണ് വിവാഹ മോചനത്തിനായി നൽകിയ ഹർജിയിൽ ഭാര്യ പറയുന്നത്.
താൻ ആരോഗ്യപരമായ ചർച്ചകളും തർക്കങ്ങളുമൊക്കെയുള്ള ജീവിതമാണ് ആഗ്രഹിക്കുന്നത്. എന്നാൽ ജീവിതത്തിൽ അങ്ങനെ യാതൊന്നും സംഭവിക്കുന്നില്ല. ഒരു വർഷത്തെ ജീവിതം നരകം പോലെയാണ് തോന്നുന്നത്. ഭർത്താവ് സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുകയാണെന്നും ഇവർ കോടതിയെ ബോധിപ്പിച്ചു.
ഒരുദിവസമെങ്കിലും വഴക്കിട്ട് നിൽക്കണമെന്നാണ് തന്റെ ആഗ്രഹം പക്ഷെ വിവാഹജീവിതത്തിൽ ഇതുവരെ വഴക്കുണ്ടായിട്ടില്ല. ഇനിയിപ്പോൾ പിണങ്ങാനായി അങ്ങോട്ട് ദേഷ്യപ്പെട്ടാലോ ഭർത്താവ് തന്നെ സമ്മാനങ്ങൾ തന്ന് സന്തോഷിപ്പിക്കുകയാണ് പതിവെന്നും യുവതി കോടതിയിൽ പറഞ്ഞു.
അതേസമയം, ഭാര്യ കേസ് നൽകിയതറിഞ്ഞിട്ടും ദേഷ്യപ്പെടാനോ നിരാശനാകാനോ തയ്യാറാകാത്ത ഭർത്താവ് നൽകിയ മറുപടിയും സ്നേഹത്തിൽ പൊതിഞ്ഞായിരുന്നു. ഭാര്യയോട് ദേഷ്യമൊന്നുമില്ല. തനിക്ക് വിവാഹമോചനം വേണ്ട. താൻ ഉത്തമ ഭർത്താവാകാനാണ് ശ്രമിച്ചതെന്നും തന്റെ തെറ്റ് തിരുത്താൻ ഒരു അവസരം കൂടി തരണമെന്നും ഭർത്താവ് ആവശ്യപ്പെടുകയായിരുന്നു.
Discussion about this post