സ്വന്തം പേരില്‍ ക്രെഡിറ്റ് കാര്‍ഡ് വേണം; മടക്കടിക്കറ്റും ഹോട്ടല്‍ റിസര്‍വേഷനും വേണം; ഓണ്‍ അറൈവല്‍ വിസ മോഹവുമായി ഖത്തറിലേക്ക് ടിക്കറ്റെടുത്തവര്‍ സൂക്ഷിക്കുക! വ്യവസ്ഥ പാലിക്കാത്ത നിരവധിപേര്‍ തിരിച്ചെത്തി

ഇന്ത്യക്കാര്‍ക്കും ഓണ്‍ അറൈവല്‍ വിസ ഏര്‍പ്പെടുത്തിയിരുന്ന ഖത്തര്‍, തീരുമാനത്തില്‍ കൂടുതല്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തി.

മനാമ: ഇന്ത്യക്കാര്‍ക്കും ഓണ്‍ അറൈവല്‍ വിസ ഏര്‍പ്പെടുത്തിയിരുന്ന ഖത്തര്‍, തീരുമാനത്തില്‍ കൂടുതല്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തി. ഇന്ത്യക്കാര്‍ക്കുള്ള ഓണ്‍ അറൈവല്‍ വിസ കാലാവധി ഒരുമാസമായി കുറച്ചു.

ഓണ്‍ അറൈവല്‍ വിസക്ക് അപേക്ഷിക്കുന്നവര്‍ക്ക് സ്വന്തം പേരില്‍ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടായിരിക്കണമെന്നാണ് പുതിയ നിബന്ധന. അല്ലെങ്കില്‍ കുടുംബത്തിലെ മുതിര്‍ന്ന യാത്രക്കാരന്റെ പേരില്‍ ക്രെഡിറ്റ് കാര്‍ഡ് വേണം.

പുതിയ വ്യവസ്ഥ ഈ 11ന് നിലവില്‍ വന്നതോടെ നിബന്ധനകള്‍ കര്‍ശനമായി പാലിക്കാതെ ഖത്തറിലെത്തിയ മലയാളികള്‍ ഉള്‍പ്പടെയുള്ള യാത്രക്കാരെ തിരിച്ചയക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.

അപേക്ഷകന് ആറു മാസമെങ്കിലും കാലാവധിയുള്ള പാസ്പോര്‍ട്ട് വേണമെന്നും ഹോട്ടല്‍ റിസര്‍വേഷന്‍, മടക്കയാത്ര ടിക്കറ്റ് എന്നിവ ഹാജരാക്കണമെന്ന വ്യവസ്ഥയും ഖത്തര്‍ പുതിയതായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 47 രാജ്യക്കാര്‍ക്ക് ഖത്തര്‍ വിസാ ഓണ്‍ അറൈവല്‍ വിസ പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ നിരവധി ഇന്ത്യക്കാരാണ് ഖത്തറിലേക്ക് ജോലി ആവശ്യങ്ങള്‍ക്കും വിനോദസഞ്ചാരത്തിനുമായി എത്തിയിരുന്നത്.

Exit mobile version