ഷാര്‍ജ: ഷാര്‍ജയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര് മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇന്നലെ വൈകുന്നേരമാണ് മൈസലൂന്‍ പ്രദേശത്തെ വില്ലയില്‍ തീപടര്‍ന്നുപിടിച്ചത്.
അപകടം സംബന്ധിച്ച വിവരം ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചയുടന്‍ അഗ്നിശമനസേന വിഭാഗത്തെ സ്ഥലത്തേക്ക് അയച്ചുവെന്ന് അധികൃതര്‍ പറഞ്ഞു. അഞ്ച് മിനിറ്റിനുള്ളില്‍ അഗ്നിശമന സേന സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും തീ അടുത്തുള്ള കെട്ടിടത്തിലേക്ക് കൂടി പടര്‍ന്നിരുന്നു. കനത്ത പുകയില്‍ ശ്വാസം മുട്ടിയാണ് രണ്ട് പേര് മരിച്ചത്.
ഏഷ്യക്കാരായ ഒരു സ്ത്രീയേയും കുട്ടിയേയും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രായമായ മറ്റൊരു സ്ത്രീക്കും സാരമായി പൊള്ളലേറ്റിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സമാന്, അല്‍ മിന എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാ സംഘമാണ് തീയണച്ചത്.
തീപിടിച്ച കെട്ടിടത്തില്‍ 30ലധികം പേര് താമസിച്ചിരുന്നുവെന്നാണ് അധികൃതര്‍ അറിയിച്ചത്. വില്ല വാടകയ്ക്ക് എടുത്തയാള്‍ ഉടമയുടെ അനുവാദമില്ലാതെ മറ്റുള്ളവര്‍ക്ക് താമസിക്കാനായി വാടകയ്ക്ക് നല്‍കുകയായിരുന്നു.
Discussion about this post