ദുബായ്: കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി നിയമങ്ങള്‍ അപ്പാടെ പാലിച്ച് വാഹനം നിരത്തില്‍ ഇറക്കിയ ആള്‍ക്ക് ദുബായ് പോലീസ് ഒരു സമ്മാനം നല്കി ആദരിച്ചു. ആ സമ്മാനം ഒരു പുതു പുത്തന്‍ വാഹനമായിരുന്നു. ഒരു നിയമലംഘനവും നടത്താതെ വാഹമോടിച്ചതിനാണ് സ്വദേശിയായ സുവൈദിന് കാര്‍ സമ്മാനിച്ചത്.
സൈഫ് അല്‍ സുവൈദിയുടെ വീട്ടില്‍ എത്തിയാണ് പോലീസ് സംഘം സമ്മാനം കൈമാറിയത്. അപ്രതീക്ഷിതമായിരുന്നു ആ വരവ്. സൈഫ് മറ്റൊരു യാത്രയുമായി ബന്ധപ്പെട്ട് സ്ഥലത്തില്ലാത്തതിനാല്‍ പിതാവ് സമ്മാനം ഏറ്റുവാങ്ങി. അങ്ങനെ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിങും ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴ ചുമത്തുമ്പോള്‍ തന്നെ മാന്യമായി വാഹനം ഓടിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് തെളിയിച്ചിരിക്കുകയാണ് ദുബായ് പോലീസ്.
ഒരുമാസം മുഴുവന്‍ നിയമലംഘനങ്ങളൊന്നും നടത്താതെ വാഹനം ഓടിച്ചാല്‍ ഒരു വൈറ്റ് പോയിന്റ് വീതം ലഭിക്കും. ഇങ്ങനെ ഒരു വര്‍ഷത്തില്‍ 12 പോയിന്റുകള്‍ വരെ സ്വന്തമാക്കാം. കഴിഞ്ഞ അഞ്ച് വര്‍ഷം ഒരു നിയമലംഘനവും നടത്താതെ വൈറ്റ് പോയിന്റുകളെല്ലാം സ്വന്തമാക്കിയവരുടെ പേരുകള്‍ നറുക്കിട്ടെടുത്താണ് സമ്മാനം സുവൈദിന് ലഭ്യമായത്. നിയമം കൃത്യമായി പാലിക്കുന്നവരെ ഇനിയും ഇത്തരത്തില്‍ പ്രോത്സാഹിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post