അൽഖോബാർ: വയനാട്ടിലെ മേപ്പാടി പുത്തുമലയിൽ കനത്തമഴയ്ക്കിടെ ഉണ്ടായ ഉരുൾപൊട്ടലിൽ പിതാവും ബന്ധുക്കളും വീടും നഷ്ടപ്പെട്ട തീരാനോവിൽ വെന്തുരുകി പ്രവാസിയായ റാഫി. ഒടുവിൽ സുമനസുകളുടെ സഹായത്തോടെ റാഫി നാട്ടിലേക്ക് തിരിച്ചു. സൗദിയിലെ അൽഖോബാറിൽ കഴിയുന്ന മുഹമ്മദ് റാഫി കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേയ്ക്ക് തിരിച്ചു. തന്റെ പിതാവിനെയും വലിയുമ്മയെയും അമ്മാവനെയും അവരുടെ മകനെയും നഷ്ടപ്പെട്ട വാർത്ത ഇനിയും ഈ യുവാവിന് ഉൾക്കൊള്ളാനായിട്ടില്ല. വെള്ളിയാഴ്ച വാർത്തയറിഞ്ഞത് മുതൽ തകർന്ന അവസ്ഥയിലായിരുന്നു റാഫി. നാട്ടിൽ നിന്ന് സുഹൃത്തുക്കൾ വിളിച്ചാണ് റാഫിയോട് തന്റെ ഉറ്റവരുടെ വിയോഗവാർത്ത അറിയിച്ചത്.
സുഹൈൽ, അജ്മൽ, സലീം എന്നിവർ റാഫിയുടെ സഹോദരങ്ങളാണ്. ഇവർ വിവിധ സ്ഥലങ്ങളിൽ ജോലിയും പഠനവുമായി മാറി താമസിക്കുന്നതിനാൽ ദുരന്തത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. പിതാവ് എടക്കണ്ടത്തിൽ അയ്യൂബ്(48) വലിയുമ്മ, നബീസ(60), ഉമ്മയുടെ സഹോദരൻ ഖാലിദ് (48), അദ്ദേഹത്തിന്റെ മകൻ ജുനൈദ് (19) എന്നിവരാണ് മരിച്ചത്.
തിരിച്ചുചെല്ലുമ്പോൾ പുഞ്ചിരിയോടെ വരവേൽക്കാൻ തന്റെ പിതാവും താൻ വളർന്ന വീടും വലിയുമ്മയും ഒന്നും ഇല്ലെന്ന് ഓർക്കുമ്പോൾ നെഞ്ചുപിടയുകയാണ് ഈ യുവാവിന്റെ. അന്ന് പുത്തുമലയിൽ മണ്ണിടിഞ്ഞപ്പോൾ റാഫിയുടെ ഉമ്മ രാമനാട്ടുകരയിലെ സഹോദരന്റെ വീട്ടിൽ പോയതിനാൽ ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നു. പ്രായമായ വലിയുമ്മയുടെ മൃതദേഹം ഇനിയും കണ്ടെടുക്കാനായിട്ടില്ല. പിതാവടക്കം മറ്റു മൂന്നു പേരെയും പുറത്തെടുത്ത് മറവ് ചെയ്ത വിവരം ലഭിച്ചതായി റാഫി പറയുന്നു. മൂന്നു വർഷം മുമ്പാണ് റാഫി അൽ ഖോബാറിൽ ജോലിക്കെത്തിയത്. ചില കാരണങ്ങളാൽ ഇതുവരെ നാട്ടിൽ പോകാനായിട്ടില്ല. ഇഖാമ കാലാവധി തീർന്ന് വീട്ടുകാർക്കും ബന്ധുക്കൾക്കും സമ്മാനങ്ങളുമായി പോകാനിരുന്നതാണ്. എന്നാൽ തന്റെ ആദ്യത്തെ മടക്കയാത്ര തന്നെ ദുരന്തമുഖത്തേക്കാണ് എന്നത് റാഫിക്ക് താങ്ങാവുന്നതിനും അപ്പുറമാണ്.
ശനിയാഴ്ച വൈകുന്നേരം ദമാമിൽ നിന്ന് നാലു മണിക്കുള്ള ഒമാൻ എയറിലാണ് റാഫി യാത്ര തിരിച്ചത്. ഞായർ പുലർച്ചെ നാലു മണിക്ക് കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങും. അവിടെ നിന്ന് രാമനാട്ടുകരയിലുള്ള ഉമ്മയെയും കൂട്ടി സ്വദേശത്തേക്ക് തിരിക്കും.
വ്യാഴാഴ്ച രാത്രി 10 മണിക്കാണ് പുത്തുമലയിൽ ഉരുൾ പൊട്ടൽ ഉണ്ടായത്. ചോല മലയിൽ നിന്ന് ഉരുൾ പൊട്ടിയിറങ്ങി ഒരു പ്രദേശമൊന്നാകെ ഒലിച്ച് പോവുകയായിരുന്നു.
Discussion about this post