അബുദാബി: തുടർച്ചയായ കനത്തമഴയിൽ റൺവേയിൽ ഉൾപ്പടെ വെള്ളം കയറിയതിനെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ചവരെ അടച്ചതിനാൽ പ്രയാസത്തിലായത് നാട്ടിലേക്ക് ടിക്കറ്റെടുത്ത പ്രവാസികൾ. വിമാനത്താവളം അടച്ചതിനാൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള നിരവധി സർവീസുകൾ റദ്ദാക്കുമെന്ന് വിമാന കമ്പനികൾ അറിയിച്ചു. ഗൾഫിലെ പെരുന്നാൾ അവധിക്കാലത്ത് നാട്ടിലെത്താനായി മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത പ്രവാസികളുടെ യാത്ര മുടങ്ങുമെന്ന് ഇതോടെ ഉറപ്പായി.
അതേസമയം, കാലവർഷക്കെടുതി രൂക്ഷമായ പ്രദേശങ്ങളിൽ നിന്നുള്ള ബന്ധുക്കളുടേയും ഉറ്റവരുടേയും വിവരങ്ങൾ ലഭിക്കാതെ പ്രവാസികൾ കനത്ത ആശങ്കയിലുമാണ്. വൈദ്യുതിയും ടെലികോം കമ്പനികളുടെ നെറ്റ്വർക്കും ഇടയ്ക്കിടെ മുറിയുന്നതാണ് വാർത്താവിനിമയത്തെ ബാധിക്കുന്നത്.
നേരത്തെ, റൺവേയിൽ വെള്ളം കയറിയതിനെത്തുടർന്ന് വ്യാഴാഴ്ച അർധരാത്രി വരെ കൊച്ചി വിമാനത്താവളം അടച്ചിട്ടിരുന്നു. പിന്നീട് റൺവേയിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് കളയാൻ ശ്രമിച്ചെങ്കിലും മഴ ശക്തി പ്രാപിച്ചതോടെ ഈ ശ്രമം ഫലം കണ്ടില്ല. തുടർന്ന് വെള്ളിയാഴ്ച രാവിലെ വരെ വിമാനത്താവളം അടച്ചിടാനും എന്നാൽ, രാവിലേയും വിമാനത്താവളം ഗതാഗത യോഗ്യമാവാത്തതിനാൽ പിന്നീട് ഞായറാഴ്ച വരെ അടച്ചിടാൻ തീരുമാനിക്കുകയായിരുന്നെന്നാണ് സിയാൽ അറിയിക്കുന്നത്. ഇതോടെ കൊച്ചിയിലേക്കുള്ള വിമാനങ്ങൾ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്യുമെന്ന് വിമാന കമ്പനികൾ അറിയിച്ചു.
ഇന്നലെ രാത്രി ദുബായിയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടിരുന്നു. പുലർച്ചെ കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പോകേണ്ടിയിരുന്ന വിമാനം റദ്ദാക്കുകയും ചെയ്തു. ഈ വിമാനത്തിൽ തിരികെ വരേണ്ടിയിരുന്ന യാത്രക്കാർ അബുദാബി വിമാനത്താവളത്തിൽ കുടുങ്ങിയിരിക്കുകയാണ്.
ദുബായിൽ നിന്നുള്ള ഫ്ളൈ ദുബായ് FZ 441, എമിറേറ്റ്സ് EK 532, സ്പൈസ് ജെറ്റ്, ഇന്റിഗോ 6E 068 എന്നീ വിമാനങ്ങൾ റദ്ദാക്കിയതായി കമ്പനികൾ അറിയിച്ചു. അബുദാബിയിൽ നിന്നുള്ള ഇത്തിഹാദ് EY 280, ഷാർജയിൽ നിന്നുള്ള എയർ അറേബ്യ, എയർ ഇന്ത്യ IX 412 എന്നീ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.
Discussion about this post