ദുബായ്: ഇന്ത്യൻ രൂപയ്ക്ക് വിപണിയിൽ കാലിടറിയത് പ്രവാസികൾക്ക് ആശ്വാസമായി. കാശ്മീർ പ്രതിസന്ധി ഉൾപ്പടെയുള്ളവ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ പ്രതിഫലിച്ചപ്പോൾ വിനിമയത്തിൽ ഗൾഫ് കറൻസികൾക്ക് സമീപകാലത്തെ ഏറ്റവും ഉയർന്ന മൂല്യമാണ് രേഖപ്പെടുത്തിയത്. ഗൾഫിൽ ശമ്പള സമയമായതിനാൽ പ്രവാസികൾക്ക് ഇത് നേട്ടമാണ്. പെരുന്നാൾ സമയമായതിനാൽ നാട്ടിലേക്കയക്കുന്ന പണത്തിലും ഇതിന്റെ ഗുണമുണ്ടാകും.
ഡോളറിനെതിരെ രൂപയുടെ മൂല്യം 70.84 രൂപയിലേക്ക് ഇടിഞ്ഞതോടെയാണ് ഗൾഫ് കറൻസികൾ നേട്ടമുണ്ടാക്കിയത്. ഇന്ത്യൻ ഓഹരിവിപണിയിൽ ഇന്നലെ കനത്ത നഷ്ടമാണ് ഉണ്ടായത്. ഇതോടെ, തിങ്കളാഴ്ച യുഎഇ ദിർഹത്തിന് ആഗോള വിപണിയിൽ 19.28 രൂപയായിരുന്നു നിരക്ക്. ബഹ്റൈൻ ദിനാറിന് 188.35 രൂപയും. സൗദി റിയാൽ- 18.88 രൂപ, കുവൈത്തി ദിനാർ- 232.92 രൂപ, ഒമാനി റിയാൽ -184.19 രൂപ, ഖത്തർ റിയാൽ – 19.45 രൂപ എന്നിങ്ങനെയാണ് ഗൾഫിലെ മറ്റു കറൻസികൾക്ക് രൂപയുമായുള്ള മൂല്യം.
എന്നാൽ, എക്‌സ്‌ചേഞ്ചുകളിൽ ഈ നിരക്ക് ലഭ്യമായിരുന്നില്ല. എക്‌സ്‌ചേഞ്ചുകളിൽ ബഹ്റൈൻ ദിനാറിന് ലഭിച്ചത് 186.92 രൂപവരെയാണ്. ഡിസംബർ 11നുശേഷം ആദ്യമായാണ് രൂപയുമായുള്ള വിനിമയത്തിൽ ഗൾഫ് കറൻസികൾക്ക് ഉയർന്ന മൂല്യം ലഭിക്കുന്നത്. വരും ദിവസങ്ങളിലും രൂപ താഴോട്ട് പോകുമെന്നും ഗൾഫ് കറൻസികൾക്ക് മൂല്യം ഉയരുമെന്നുമാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Discussion about this post