തിരുവനന്തപുരം: മന്ത്രി കെടി ജലീലിനെതിരെ രംഗത്ത് വന്ന ലീഗ് നേതാക്കളുടെ യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തി കൊണ്ടുള്ള പുതിയ റിപ്പോര്‍ട്ട് പുറത്ത്. ന്യൂനപക്ഷ കോര്‍പ്പറേഷനില്‍ നിന്ന് ലക്ഷങ്ങള്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത യുഡിഎഫ് നേതാക്കളുടെ പേര് വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കേരള സംസ്ഥാന ന്യുനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിന്നും ലക്ഷങ്ങള്‍ ലോണെടുത്ത് തിരിച്ചടയ്ക്കാത്തവരില്‍ നേതാക്കള്‍ക്കൊപ്പം മുന്‍ മാനേജിങ് ഡയറക്ടറും ഉള്‍പ്പെടുന്നു. 2013 മുതല്‍ 2016 വരെ മാനേജിങ് ഡയറക്ടറും മുസ്ലിം ലീഗ് നേതാവുമായ മുഹമ്മദ് ഹനീഫ പെരിഞ്ചീരി ഉള്‍പ്പെടെയുള്ള നേതാക്കളാണ് തിരിച്ചടവില്‍ വന്‍ വീഴ്ച വരുത്തിയിരിക്കുന്നത്.
ഹനീഫ അഞ്ച് ലക്ഷം രൂപ എംപ്ലോയീസ് ലോണെടുത്തതില്‍ 14 തവണ തിരിച്ചടവില്‍ വീഴ്ച വരുത്തിയിട്ടുണ്ട്. മുന്‍ ന്യുനപക്ഷ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലിയുടെ ബന്ധു കൂടിയായ ഹനീഫ നിലവില്‍ മലപ്പുറം മക്കരപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനാണ്. മുന്‍ മന്ത്രി മഞ്ഞളാംകുഴി അലിയുടെ അഡിഷണല്‍ പിഎയും ഇപ്പോള്‍ കോട്ടക്കല്‍ നഗരസഭയില്‍ മുസ്ലിം ലീഗിന്റെ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ സാജിദ് മാങ്ങാട്ടില്‍ ആണ് വായ്പയെടുത്ത് തിരിച്ചടക്കാത്ത മറ്റൊരു ലീഗ് നേതാവ്. ബിസിനസ് ഡെവലപ്‌മെന്റ് ലോണായി അഞ്ച് ലക്ഷം രൂപ ന്യുനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിന്നും കൈപ്പറ്റിയ സാജിദ് ഒരു രൂപ പോലും തിരിച്ചടച്ചിട്ടില്ലെന്ന് രേഖകള്‍.
തവനൂര്‍ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് പി അബ്ദുല്‍ ജലീല്‍ സ്വയം തൊഴില്‍ വായ്പയായി മൂന്ന് ലക്ഷം രൂപ കോര്‍പ്പറേഷനില്‍ നിന്ന് കൈപ്പറ്റിയിട്ടുണ്ടെങ്കിലും 25 തവണ തിരിച്ചടവ് മുടങ്ങിക്കിടക്കുകയാണ്. നിലമ്പുര്‍ നഗരസഭാ മുസ്ലിം ലീഗ് കൗണ്‍സിലര്‍ മുജീബ് ദേവശ്ശേരിയുടെ ഭാര്യ സ്വയം തൊഴില്‍ വായ്പയായി അഞ്ച് ലക്ഷം കൈപ്പറ്റിയിട്ടുണ്ടെങ്കിലും തിരിച്ചടവ് 27 തവണയായി മുടങ്ങിക്കിടക്കുകയാണ്. കോഴിക്കോട് ജില്ലാ യൂത്ത് ലീഗ് ജോയിന്റ് സെക്രട്ടറി സിജിത്ത് ഖാന്‍ സ്വയം തൊഴില്‍ വായ്പയായി 2.75 ലക്ഷം രൂപ വാങ്ങിയതില്‍ 28 തവണയും തിരിച്ചടവ് മുടങ്ങിയിട്ടുണ്ട്. പ്രവാസി ലീഗ് നേതാവ് കൊടുവള്ളി സ്വദേശി പാണരക്കണ്ടി ശംസുദ്ധീന്‍ പ്രവാസി ലോണായി അഞ്ച് ലക്ഷം രൂപയാണ് കോര്‍പ്പറേഷനില്‍ നിന്നും എടുത്തത്. ഇദ്ദേഹം 30 തവണയാണ് തിരിച്ചടവില്‍ വീഴ്ച വരുത്തിയത്.
മലപ്പുറം വെട്ടം പഞ്ചായത്തിലെ മുസ്ലിം ലീഗ് ഭാരവാഹി സികെ ഹുസൈന്‍ സ്വയം തൊഴില്‍ വായ്പയായി രണ്ട് ലക്ഷം രൂപ വാങ്ങിയതില്‍ 38 തവണയും തിരിച്ചടവ് തെറ്റിച്ചു. പാലക്കാട് കോട്ടപ്പുറത്തെ ലീഗ് പ്രാദേശിക നേതാവ് കെ.ഉമ്മര്‍ സ്വയം തൊഴില്‍ വായ്പയായി ന്യുനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിന്നും മൂന്ന് ലക്ഷം രൂപ വാങ്ങിയതില്‍ 30 തവണയും തിരിച്ചടവ് തെറ്റിച്ചിട്ടുണ്ട്.
കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്ന് വായ്പയെടുത്തവരുടെ വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇത്രയും ലീഗ് നേതാക്കള്‍ ലോണെടുത്ത് തിരിച്ചടക്കാത്ത വിവരം പുറത്ത് വന്നത്. മറ്റു ജില്ലകളില്‍ നിന്ന് വായ്പയെടുത്തവരുടെ വിവരങ്ങള്‍ കോര്‍പ്പറേഷന്‍ പരിശോധിച്ച് വരികയാണെന്നാണ് വിവരം. ചില പ്രമുഖ ലീഗ് നേതാക്കള്‍ ന്യുനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിന്ന് വേറെ വ്യക്തികളുടെ പേരില്‍ ലക്ഷങ്ങള്‍ ബിനാമി ലോണായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കൈപ്പറ്റിയതായും സൂചനയുണ്ട്. ഇതോടെ മറുപടിയില്ലാതെ കുരുങ്ങുകയാണ് ലീഗും, കോണ്‍ഗ്രസ് നേതാക്കളും.