തിരുവന്തപുരം: യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്റെ ആരോപങ്ങള്‍ക്ക് വ്യക്തമായ മറുപടിയുമായി മന്ത്രി കെടി ജലീല്‍. ആരോപണം അടിസ്ഥാന രഹിതമെന്ന് ആവര്‍ത്തിക്കുമ്പോഴും അതിനുള്ള വ്യക്തമായ തെളിവുകളും മന്ത്രി നിരത്തുന്നുണ്ട്. ഓരോ ആരോപണത്തിലും മറുപടി പറയുമ്പോഴും ആജീവനാന്ത എതിരാളികളായ മുസ്ലീം ലീഗുകാര്‍ പുതിയ ആരോപണവുമായി രംഗത്ത് വരികയാണെന്ന് മന്ത്രി പറയുന്നു. ഇത്തരം മലക്കം മറച്ചില്‍ കാണുമ്പോള്‍ തന്നെ മനസിലാക്കാം കഴമ്പില്ലാത്ത ആരോപണങ്ങളിലെ സത്യസ്ഥിതിയെന്ന് മന്ത്രി വ്യക്തമാക്കി. പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിനിടെയായിരുന്നു മന്ത്രിയുടെ പ്രസ്താവന.
ഓരോ നുണകള്‍ പൊളിയുമ്പോഴും പുതിയ നുണകളുമായി രംഗത്തുവരികയാണ് എന്റെ ആജീവനാന്ത എതിരാളികളായ മുസ്ലിം ലീഗുകാര്‍. കെഎസ്എംഎഫ്ഡിസി ജനറല്‍ മാനേജരായി ബോര്‍ഡ് ശുപാര്‍ശ ചെയ്ത് സര്‍ക്കാര്‍ നിയമിച്ചയാള്‍ക്ക് യോഗ്യതയില്ലെന്ന പ്രചരണം വസ്തുതാ വിരുദ്ധമെന്ന് തെളിഞ്ഞപ്പോള്‍ വിജിലന്‍സ് ക്ലിയറന്‍സ് വാങ്ങിയില്ല എന്നതായി അടുത്ത ആക്ഷേപം, മന്ത്രി ജലീല്‍ പറയുന്നു. ഡെപ്യൂട്ടേഷനില്‍ നിയമിതരാകുന്നവര്‍ ജോലിയില്‍ പ്രവേശിച്ച് ഒരു മാസത്തിനുള്ളില്‍ വിജിലന്‍സ് ക്ലിയറന്‍സ് വാങ്ങിയാല്‍ മതിയെന്നായപ്പോള്‍ ഫിനാന്‍സ് കണ്‍കറന്‍സ് ലഭിച്ചില്ലെന്നായി ആരോപണം. ഇങ്ങനെ നീണ്ടു പോകുമ്പോള്‍ തന്നെ സത്യം എന്താണെന്ന് തിരിച്ചറിയാന്‍ എന്താണ് ബുദ്ധിമുട്ടുള്ളതെന്ന് അദ്ദേഹം ചോദിക്കുന്നു.
വന്ന എല്ലാ ആരോപണങ്ങളും ഒന്നിനു പിന്നാലെ പൊളിഞ്ഞപ്പോള്‍ യൂത്ത് ലീഗ് നിലനില്‍പ്പിനായി മലപ്പുറത്തെ വീട്ടമ്മയെ ടൂറിസത്തിന്റെ താല്‍ക്കാലിക ജീവനക്കാരിയാക്കി നിയമിച്ചിട്ടുണ്ടെന്ന ആരോപണം എടുത്തിട്ടു. ഇതെല്ലാം തുടക്കത്തിലെ എതിരാളിയായ മുസ്ലീം ലീഗ് തന്റെ മേല്‍ കരിവാരി തേക്കാനുള്ള ശ്രമമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ യുഡിഎഫ് ഭരണക്കാലത്തും ഇത്തരം നിയമനങ്ങള്‍ നടന്നിട്ടുണ്ടെന്നും അന്ന് ഇല്ലാത്ത പ്രക്ഷോഭം ഇന്ന് ഉണ്ടാക്കുന്നതിന്റെ പിന്നിലെ ലക്ഷ്യം ചിന്തിച്ചാല്‍ മതിയാകുമെന്നും മന്ത്രി തുറന്നടിച്ചു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 2012ല്‍ പ്രാഥമിക സഹകരണ ബാങ്ക് ജീവനക്കാരനെയാണ് കോര്പറേഷന് മാനേജിങ് ഡയറക്ടറയി നിയമിച്ചിട്ടുള്ളത്. മക്കരപറമ്ബ സഹകരണ ബാങ്ക് ഉദ്യോഗസ്ഥനായ മുഹമ്മദ് ഹനീഫ പെരിഞ്ചേരിയെയാണ് കോര്പറേഷന് മാനേജിങ് യുഡിഎഫ് സര്‍ക്കാര്‍ ഡയറക്ടറാക്കിയത്. 2012 ഒക്ടോബര്‍ 22നാണ് ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. 2016ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിയുംവരെ ഇദ്ദേഹം മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് തന്നെ തുടരുകയും ചെയ്തു. മുഹമ്മദ് ഹനീഫയെ ആദ്യം ഡയറക്ടര്‍ ബോര്‍ഡ് അംഗമായി നിയമിച്ചു. തുടര്‍ന്നാണ് എംഡിയായി സ്ഥാനക്കയറ്റം നല്‍കിയത്.
എംഡിയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുകയോ പത്രപരസ്യം നല്‍കുകയോ ചെയ്യാതെ അന്ന് മന്ത്രിയായിരുന്ന മഞ്ഞളാംകുഴി അലിക്ക് നല്കിയ ബയോഡാറ്റയുടെ അടിസ്ഥാനത്തിലായിരുന്നു നിയമനം. ഇതെല്ലാം വിവരാവകാശ രേഖയിലൂടെ പുറത്തു വന്നിട്ടും ആരോപണങ്ങള്‍ ഉന്നയിക്കുന്നത് വ്യക്തിഹത്യ മാത്രമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഞാനാരാണെന്ന് എന്നെക്കാള്‍ നന്നായി ജനങ്ങള്‍ക്കറിയാം. കഴിഞ്ഞ 25 വര്‍ഷത്തെ എന്റെ ജീവിതം വിലയിരുത്തി ജനങ്ങള്‍ അത് തീരുമാനിക്കട്ടെ. എല്ലാ കാര്യങ്ങളും മുകളിലിരുന്ന് ഒരു ശക്തി കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്. ഞാനെല്ലാം അവനില്‍ ഭരമേല്‍പ്പിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post