ന്യൂഡല്‍ഹി: ജൂണ്‍ 30ന് ഇംഗ്ലണ്ടിനെ നേരിടാന്‍ ഇന്ത്യന്‍ ടീം ഇറങ്ങുക എവേ ജേഴ്സി അണിഞ്ഞായിരിക്കും. ലോകകപ്പ് ചരിത്രത്തിലാദ്യമായാണ് ഇന്ത്യന്‍ ടീം എവേ ജേഴ്സി ധരിക്കുക. ഇംഗ്ലണ്ടിന്റെ ജേഴ്സിയും നീലയായതിനാലാണ് ഇന്ത്യ ഓറഞ്ച് കളര്‍ ജേഴ്സിയില്‍ കളത്തിലിറങ്ങുക. ആതിഥേയ രാജ്യമായതിനാല്‍ ഇംഗ്ലണ്ടിന് നീല ജേഴ്സിയില്‍ തന്നെ എല്ലാ മത്സരങ്ങളും കളിക്കാനാകും. അതേസമയം, ഈ ജേഴ്സിയെ ചുറ്റിപ്പറ്റി രാഷ്ട്രീയ ലോകത്തും വിവാദം കത്തുകയാണ്. ടീം ഓറഞ്ച് ജേഴ്സി ധരിക്കുന്നതിനെതിരെ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ രംഗത്തെത്തി.
ജേഴ്സിയുടെ നിറം ഓറഞ്ചായി തെരഞ്ഞെടുത്തതിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരാണെന്നും കാവിവത്കരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും എംഎല്‍എമാര്‍ ആരോപിച്ചു. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എംഎല്‍എ നസീം ഖാന്, സമാജ് വാദി പാര്‍ട്ടി എംഎല്‍എ അബു അസിം അസ്മി എന്നിവരാണ് ജേഴ്സിയുടെ നിറം ഓറഞ്ചാക്കിയതിനെ അപലപിച്ച് രംഗത്തെത്തിയത്.
ഇന്ത്യയുടെ ത്രിവര്‍ണത്തില്‍ നിന്ന് എന്ത് കൊണ്ടാണ് ഓറഞ്ച് മാത്രം തെരഞ്ഞെടുത്തതെന്നും അസ്മി ചോദിച്ചു. മോഡി സര്‍ക്കാര്‍ കാവി രാഷ്ട്രീയം കളിക്കുന്നതിന്റെ ഭാഗമാണിതെന്ന് കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ മന്ത്രിയുമായ നസീം ഖാന് പറഞ്ഞു. ത്രിവര്‍ണത്തെ ബഹുമാനിക്കുകയും രാഷ്ട്രഐക്യത്തെ പ്രോത്സാഹിപ്പിക്കുകയുമായിരുന്നു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ ഓറഞ്ച് ജഴ്സിക്ക് പിന്തുണയുമായി കേന്ദ്ര മന്ത്രി രാംദാസ് അതാവലെ രംഗത്തെത്തി. ഇത് ധൈര്യത്തിന്റെ, വിജയത്തിന്റെ നിറമാണ്. ആരും അതില്‍ പ്രശ്നമുണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post