മലപ്പുറം: നീണ്ട റംസാന് വ്രതകാലത്തിനു ശേഷം വന്നെത്തിയ വിശുദ്ധിയുടെ ആഘോഷം ചെറിയപെരുന്നാള്‍ ഗംഭീരമായി ആഘോഷിച്ചതിന്റെ സന്തോഷത്തിലാണ് മന്ത്രി കെടി ജലീല്‍. കാലങ്ങളായി തന്റെ നാട്ടിന്‍പുറത്തെ തറവാട് വീട്ടില്‍ നാട്ടുകാരോടും സ്വന്തക്കാരോടും കൂടെ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്ന പതിവ് ഈ തിരക്കിനിടയിലും മന്ത്രി ഉപേക്ഷിച്ചില്ല. ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലങ്ങളില്‍ നടന്ന് നാട്ടുകാരോട് കുശലം പറഞ്ഞും വയ്യാത്ത രോഗികളേയും അയല്‍ക്കാരേയും സന്ദര്‍ശിച്ചും പെരുന്നാള്‍ വ്യത്യസ്ത അനുഭവമാക്കിയെന്ന് ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റില്‍ കെടി ജലീല്‍ പറയുന്നു.
നാളുകളായി കാണാന്‍ സാധിക്കാത്തവരെ സന്ദര്‍ശിച്ചതിനു ശേഷം അയല്‍ക്കാരോടും അപ്രതീക്ഷിത സന്ദര്‍ശകരോടും ഗണ്മാനോടുമൊപ്പം ഉച്ചഭക്ഷണം കഴിച്ച ശേഷം, മന്ത്രി പടിഞ്ഞാറേക്കര ബീച്ചില്‍ ജില്ലാ ടൂറിസം കൗണ്‍സിലിന്റെ കീഴിലെ പെരുന്നാള്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് ഔദ്യോഗിക കൃത്യനിര്വ്വഹണത്തിനും വീഴ്ച വരുത്തിയില്ല. ബീച്ചില്‍ നിന്നും മടങ്ങവെ സുഹൃത്തുക്കളെ സന്ദര്‍ശിച്ചതിന്റെ വിശേഷവും മന്ത്രി പങ്കുവെയ്ക്കുന്നുണ്ട്.
മന്ത്രി കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
മനസ്സുനിറച്ച ചെറിയ പെരുന്നാള്‍
പതിവു പോലെ ഈ പെരുന്നാളും ഉപ്പയുടെയും ഉമ്മയുടെയും സഹോദരന് മൂസയുടെയും കൂടെ തറവാട്ടു വീട്ടിലാണ് ആഘോഷിച്ചത്. പതിനാല് വര്‍ഷത്തിലധികമായി പുതിയ വീട് വെച്ച് താമസമാരംഭിച്ചിട്ട്. എല്ലാ പെരുന്നാളിനും നമസ്കാരം കഴിഞ്ഞ് വീട് പൂട്ടി സകുടുംബം തറവാട്ടിലേക്ക് പോകുന്ന പതിവ് ഇത്തവണയും തെറ്റിച്ചില്ല. ഞാനും സുഹൃത്ത് പപ്പനും റഷീദും കൂടി ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിചയക്കാരായ രോഗശയ്യയില്‍ കിടക്കുന്ന മിതീന്‍ കുട്ടിയേയും ബാവാക്കയേയും സി.ടി.യു ജമാലിനെയും സന്ദര്‍ശിച്ചു. മടങ്ങുന്ന വഴിക്ക് അയല്‍വാസിയായ കാടാമ്പുഴ ക്ഷേത്രത്തിലെ പൂജാരികളിലൊരാളായ എമ്പ്രാന്തിരിയുടെ വീട്ടിലും കയറി. കുട്ടിക്കാലത്ത് അവരുടെ ഗേററിന് മുന്നിലുള്ള കമാനത്തിലിരുന്നാണ് വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ സൊറപറഞ്ഞ് സമയം കഴിച്ചിരുന്നത്. വഴിയില്‍ വെച്ച് വീട്ടിലെ പഴയ ജോലിക്കാരിയായിരുന്ന കുമ്പായിയേയും കണ്ടു. അവരുടെ മകന് ബാബു ഈ അടുത്താണ് ഒരപകടത്തില്‍ പെട്ട് മരണപ്പെട്ടത്. ആ ആഘാതത്തില്‍ നിന്ന് ഇപ്പോഴും അവര്‍ മുക്തയായിട്ടില്ല. വഴിമദ്ധ്യെയുള്ള ബന്ധു മിത്രാദികളുടെ വീടുകളിലും കയറി കുശലാന്വേഷണം നടത്തി. ഭക്ഷണം കഴിക്കാന്‍ തൊട്ടയല്വാസികളായ രാജേട്ടനും പപ്പനും ശബരിയും ഗണ്മാന് പ്രജീഷും ഡ്രൈവര്‍ ജയപ്രകാശും അവിചാരിതമായി എത്തിയ രജ്ഞിത്തും ചേര്‍ന്നപ്പോള്‍ ചെറിയ പെരുന്നാള്‍ അടിമുടി സന്തോഷപ്പെരുന്നാളായി മാറി. ഉച്ചതിരിഞ്ഞ് നേരെ പോയത് കാരണവരും പൊതു പ്രവര്‍ത്തകര്‍ക്ക് മാതൃകയുമായ നാട്ടിലെ കാര്യമാത്ര പ്രസക്തനായ പാലാറ ഹംസ ഹാജിയുടെ വീട്ടിലേക്കാണ്. തൊണ്ണൂറിലെത്തി നില്ക്കുന്ന കോമന്തൊടുവിലെ മുത്തമ്മയെയും കണ്ട് സ്നേഹം പങ്കിട്ടു. അവിടെ നിന്ന് നേരെ തിരിച്ചത് എന്റെ മണ്ഡലത്തിലെ പടിഞ്ഞാറേക്കര ബീച്ചില്‍ ജില്ലാ ടൂറിസം കൗണ്‍സിലിന്റെ കീഴില്‍ ഒരുക്കിയിട്ടുള്ള പെരുന്നാള്‍ ഫെസ്റ്റ് ഉല്‍ഘാടനം ചെയ്യാനാണ്. ആയിരക്കണക്കിന് ആളുകളാണ് പെരുന്നാള്‍ പൊടിപൊടിക്കാന്‍ പാര്‍ക്കിലും ബീച്ചിലുമായി എത്തിയിരുന്നത്. മടക്കത്തില്‍ പാറമ്മല്‍ മുനവറിന്റെ ക്ഷണമനുസരിച്ച് അവന്റെ വീട്ടിലും കയറി സൗഹൃദം പുതുക്കി. നാളെ പുലര്‍ച്ചെ അഞ്ചുമണിക്ക് കോളേജിലേക്ക് പോകുന്ന മകള്‍ സുമയ്യാ ബീഗത്തിന്റെ യാത്രക്കുള്ള മുന്നൊരുക്കങ്ങളില്‍ പങ്കാളിയാകാന്‍ അല്പം വൈകിയാണെങ്കിലും കാവുമ്പുറത്തെ വീട്ടിലെത്താനായതില് പെരുത്ത് സന്തോഷം. എന്ത്കൊണ്ടും മനസ്സ് നിറഞ്ഞ ദിവസമായിരുന്നു ഇത്തവണത്തെ ചെറിയ പെരുന്നാള്‍ ദിനം. എല്ലാവര്ക്കും ശുഭരാത്രി.
Discussion about this post