തിരുവനന്തപുരം: രാജ്യത്ത് മോഡി തരംഗം അലയടിച്ചിട്ടും കേരളത്തില്‍ വിജയം നേടാന്‍ കഴിയാത്തതില്‍ പ്രതികരിച്ച് ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍. ശബരിമല വിഷയത്തില്‍ നേട്ടമുണ്ടാവുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ ഗുണം കിട്ടിയത് യുഡിഎഫിനാണ്. സിപിഎം നേതാക്കള്‍ വ്യാപകമായി കോണ്‍ഗ്രസിന് വോട്ട് ചെയ്തതാണ് തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്റെ പരാജയത്തിന് കാരണമെന്നും രാജഗോപാല്‍ ആരോപിച്ചു.
ജില്ലയിലുള്ള സിപിഎം മന്ത്രിയും മേയറുമാണ് കോണ്‍ഗ്രസിന് വോട്ടു ചെയ്യാന്‍ നേതൃത്വം നല്‍കിയത്. ശബരിമലപ്രക്ഷോഭത്തില്‍ ബിജെപിക്ക് നേട്ടമുണ്ടാകുമെന്ന് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ നേട്ടം മണ്ണും ചാരിനിന്നവന്‍ കൊണ്ടുപോയി. അതുകൊണ്ടാണ് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതെന്നും രാജഗോപാല്‍ പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തനിക്ക് നേമത്ത് വ്യക്തിപരമായി കിട്ടിയ വോട്ടുകള്‍ കുമ്മനത്തിന് കിട്ടിയില്ല. നേമത്ത് പതിനെട്ടായിരം വോട്ടിന്റെ ലീഡ് ഉള്ളിടത്ത് ഇത്തവണ എട്ടായിരമായി കുറഞ്ഞു.തനിക്ക് ബന്ധങ്ങള്‍ വെച്ചുകിട്ടുന്നത് മറ്റുള്ളവര്‍ക്ക് കിട്ടില്ലെന്നും കേരളത്തിലെ പരാജയകാരണം പഠിക്കാതെ പറയാന്‍ കഴിയില്ലെന്നും ഒ രാജഗോപാല്‍ പറഞ്ഞു.