ഇന്ത്യയിലെ സംഘപരിവാര്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ അവരുടെ പ്രതിനിധികള്‍ രാജ്യമെമ്പാടും അവരുടെ അജണ്ട നടപ്പാക്കിക്കൊണ്ടിരുന്ന കാലം. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ രോഹിത് വെമുലയുടെ ആത്മഹത്യയെത്തുടര്‍ന്ന് സംഘപരിവാര്‍ പ്രതിനിധിയായ വെസ് ചാന്‍സലര്‍ അപ്പാറാവുവിനെതിരെ പ്രതിഷേധം തിളയ്ക്കുന്നു. പ്രക്ഷോഭ രംഗത്തുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ഇന്ത്യയിലെ മൂന്ന് എംപിമാര്‍ ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെത്തി. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ പ്രതിനിധിയായ വിസി രാജ്യത്തെ ജനങ്ങള്‍ തെരഞ്ഞെടുത്ത എംപിമാര്‍ക്കു മുന്പില് കേന്ദ്രസര്വലാശാലയുടെ ഗേറ്റുകള്‍ അടച്ചു. തുടര്‍ന്ന് മണിക്കൂറുകളോളം ഹൈദരാബാദ് യൂണിവേഴ്സിറ്റി ഗേറ്റിനു മുന്പില് പ്രതിഷേധവും ബഹളവും. അന്ന് യൂണിവേഴ്സിറ്റിക്കു മുന്പില് പാഞ്ഞെത്തിയ മൂന്ന് എംപിമാരുടെ പേരുകള്‍ എംബി രാജേഷ്, പികെ ബിജു, എ സമ്പത്ത് എന്നിങ്ങനെയായിരുന്നു. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഒത്താശയോടെ നടക്കുന്ന ദളിത് വേട്ടക്കെതിരെയുള്ള പ്രത്യക്ഷ സമരത്തില്‍ കേരളത്തിന്റെ കയ്യൊപ്പ്.
പശുവിനെക്കൊണ്ടു പോയതിന്റെ പേരിലും ഇറച്ചി കഴിച്ചതിന്റെ പേരിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്ലീങ്ങള്‍ ആള്‍ക്കൂട്ട ആക്രമണത്തിനും കൊലയ്ക്കും വിധേരായപ്പോള് ഏറ്റവും ശക്തമായ പ്രതിഷേധം തിളച്ചു മറിഞ്ഞത് ഇങ്ങ് തെക്കേയറ്റത്ത് കേരളത്തിലായിരുന്നു. ആ പ്രതിഷേധത്തിന്റെ മുന്നിലും ഈ മൂന്ന് പേരുകളും ഉണ്ടായിരുന്നു. ഒപ്പം ഇടതു മുന്നണിയിലെ മറ്റ് എംപിമാരും. ഭക്ഷണ സ്വാതന്ത്ര്യം സംരക്ഷിക്കാനും ഭൂരിപക്ഷത്തിന്റെ വിശ്വാസങ്ങള്‍ എല്ലാവര്ക്കും മേല്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെയും കേരളം എടുത്ത ശക്തമായ നിലപാട് രാജ്യതലസ്ഥാനത്തും അലയൊലികളുണ്ടാക്കി. ജന്തര്‍മന്ദര്‍ റോഡിലെ കേരള ഹൗസ് സംഘപരിവാര്‍ ആക്രമിച്ചു. അവിടേക്ക് പാഞ്ഞെത്തിയവരിലും പ്രതിഷേധിച്ചവരിലും ഈ എംപിമാരും അവരുടെ പാര്‍ട്ടിയുടെ ദേശീയ നേതാക്കളും ഉണ്ടായിരുന്നു. എന്തുകൊണ്ടോ കോണ്‍ഗ്രസ് നേതാക്കള്‍ ഗോവധ വിഷയത്തില്‍ ഒരടി പിറകിലായിരുന്നു രാജ്യവ്യാപകമായിത്തന്നെ നിന്നത്. ഗോവധത്തിന്റെ പേരില്‍ ഇനിമുതല്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കില്ലെന്ന് മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് പ്രഖ്യാപിക്കാന്‍ പോലും ഈ ലോക്സഭാ തെരഞ്ഞെടുപ്പ് കാലമാവേണ്ടി വന്നു എന്നും ഓര്‍ക്കണം.
ഫാസിസ്റ്റ് വിരുദ്ധ ചിന്തകള്‍ക്ക് അന്ത്യം കുറിക്കണമെന്ന ലക്ഷ്യത്തോടെ ജവഹര്‍ലാല്‍ നെഹറു സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടികളാരംഭിച്ചപ്പോള്‍ അതിനെതിരെയുള്ള പോരാട്ടത്തിലും ഈ എംപിമാരുണ്ടായിരുന്നു. ആ സമരത്തിന് നേതൃത്വം കൊടുത്തവര്‍ക്കും അതിന് പിന്തുണ നല്കിയവര്ക്കുമൊക്കെ രാജ്യദ്രോഹ പട്ടം ചാര്‍ത്തിക്കൊടുത്ത് ഒതുക്കാനാണ് ഫാസിസ്റ്റ് ഭരണകൂടവും സംഘപരിവാറും ശ്രമിച്ചത്. പക്ഷേ ആ സമരത്തില്‍ ഭാരവാഹി സ്ഥാനത്തുണ്ടായിരുന്ന ഒരാളെ കേരളത്തിലെ നിയമസഭാ മണ്ഡലത്തില്‍ മത്സരിപ്പിച്ച് വിജയിപ്പിച്ച് സംഘപരിവാറിന് കൃത്യമായ സന്ദേശം കൊടുത്തു കേരളവും ഇവിടത്തെ ഇടതുപക്ഷവും.
മ്യാന്മറില് നിന്ന് വംശഹത്യ ഭയന്ന് പലായനം ചെയ്ത് ഇന്ത്യയിലെത്തി അഭയം തേടി ഇവിടെയും പുഴുക്കള്‍ക്ക് സമാനമായ ജീവിതം നയിക്കുന്നവരാണ് റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍. അവരുടെ വിഷയം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുകയും പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ക്കൊണ്ടു വരികയും ചെയ്തയാളാണ
എ സമ്പത്ത്. സ്വത്വ രാഷ്ട്രീയത്തിന്റെ മാത്രം പേരില്‍ പാര്‍ലമെന്റിലെ കസേര ഉറപ്പിക്കുന്ന പല മുസ്ലീം നാമധാരികളായ എംപിമാരും ഇതിലേക്ക് ഒന്ന് എത്തി നോക്കുക പോലു ചെയ്തിട്ടില്ല. പക്ഷേ സമ്പത്തിന് അവിടെ മതത്തിനപ്പുറം മനുഷ്യന്റെ ദരിതം കാണാന്‍ കണ്ണുണ്ടായിരുന്നു.
എന്തായാലും 2019 ഏപ്രില്‍ 23ന് പോളിങ്ങ് ബൂത്തിലെത്തിയ കേരളം തീരുമാനിച്ചത് ഇവരൊന്നും ഇനി ഇന്ത്യയുടെ പാര്‍ലമെന്റില്‍ വേണ്ട എന്നാണ്. അത് ഒരിക്കലും ഒരു ഫാസിസ്റ്റ് അനുകൂല തെരഞ്ഞെടുപ്പുമല്ല. ഫാസിസ്റ്റുകളെ പൂര്‍ണമായി പരാജയപ്പെടുത്തിയതിനൊപ്പമാണ് കേരളം ഇവര്‍ക്കൊക്കെ എതിരെ വിധിപറഞ്ഞത്. സംഘപരിവാര്‍ തേരോട്ടത്തില്‍ ഭയന്നു പോയ ന്യൂനപക്ഷ വിഭാഗത്തിലെ സംഘടിതരായവരുടെ കൂടി രാഷ്ട്രീയ വിധിയെഴുത്താണ് അത്. കാരണം പറഞ്ഞത് ഫാസിസ്റ്റ് ഭരണകൂടത്തെ മാറ്റാന്‍ കോണ്‍ഗ്രസ് വേണമെന്നായിരുന്നു. 2004ല്‍ വാജ്പേയി സര്‍ക്കാരിനെ താഴെയിറക്കിയത് കേരളത്തില്‍ നിന്ന് എത്ര കോണ്‍ഗ്രസ് എംപിമാര്‍ ചേര്‍ന്നായിരുന്നു എന്ന കൃത്യമായ രാഷ്ട്രീയ ചോദ്യമൊന്നും എവിടെയും അഭിമുഖീകരിക്കപ്പെട്ടില്ല. ഇനി അഭിമുഖീകരിക്കപ്പെടുകയും ഇല്ല.
പോര്‍മുഖത്ത് തലയുയര്‍ത്തിപ്പിടിച്ച് അചഞ്ചലരായി നിന്നവരെ പരാജയപ്പെടുത്തി പല പോരാട്ടങ്ങളിലും ഒരടി പിന്നില്‍ മാത്രം നിന്നവരെയാണ് കേരളത്തിലെ ഫാസിസ്റ്റ് വിരുദ്ധ ചിന്തയുള്ളവരില്‍ ഭൂരിഭാഗം തെരഞ്ഞെടുത്തിരിക്കുന്നത്. തീര്‍ച്ചയായും അതാണ് ജനവിധി. ഭൂരിപക്ഷം എപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല. പക്ഷേ ഇവിടെ തെറ്റും ശരിയും പരീക്ഷിച്ച് നോക്കി ബോദ്ധ്യപ്പെട്ട് തെരഞ്ഞെടുക്കാനുള്ള സമയമൊന്നുമുണ്ടാവില്ല. അതിന് മുമ്പ് ചിലപ്പോള്‍ നമ്മുടെയൊക്കെ ശ്വാസം വിടാനുള്ള സ്വാതന്ത്ര്യത്തിന്റെ പോലും കൈയും കാലും അരിഞ്ഞിട്ടുണ്ടാവും.
എന്തായാലും ഫാസിസ്റ്റ് വിരുദ്ധ പോരാളികളില്‍ ഭൂരിഭാഗത്തിനും തെറ്റു പറ്റിയെന്ന് വിശ്വസിക്കാനും ബുദ്ധിമുട്ടാണ്. ചിലപ്പോള്‍ ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലും ജെഎന്‍യുവിലും ബീഫ് നിരോധനത്തിനെതിരെയുള്ള സമരത്തിനു മുന്‍പിലുമൊക്കെ പാഞ്ഞെത്തിയവരുടേതായിരിക്കില്ല യഥാര്‍ത്ഥ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം. അത് ചിലപ്പോള്‍ ഇതില്‍ പലയിടത്തും ഒരടി പിറകില്‍ മാത്രം നിന്നവരുടേതായിരിക്കും. യഥാര്‍ത്ഥ പോരാട്ടം മുന്നോട്ട് കൊണ്ടു പോകാന്‍ കേരളത്തിലെ സംഘടിത ന്യൂനപക്ഷ വിഭാഗങ്ങള്‍ അടക്കം രാഷ്ട്രീയമായി തെരഞ്ഞെടുത്ത യുഡിഎഫ് അംഗങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കഴിയുമായിരിക്കും. നിലനില്‍പ്പിനു വേണ്ടിയുള്ള സമരമുഖങ്ങളില്‍ കേരളത്തിന്റെ പേര് കഴിഞ്ഞ അഞ്ചു വര്‍ഷത്തേതിനേക്കാള്‍ ശക്തമായി ഉയര്‍ന്നു കേള്‍ക്കുമായിരിക്കും. പ്രതീക്ഷകളും പ്രത്യാശകളുമാണല്ലോ എല്ലാ കെട്ടകാലത്തും ജീവനെയും ജീവിതത്തെയും നിലനിര്‍ത്തുന്നത്.
Discussion about this post