കൊച്ചി: സ്ത്രീപ്രവേശനം ഉറപ്പുവരുത്തുന്ന സുപ്രീംകോടതി വിധിക്ക് ശേഷം ശബരിമലയില്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ചിത്തിരയാട്ടത്തിനായി നട തുറന്നപ്പോള്‍ കഴിഞ്ഞദിവസവും ശബരിമലയില്‍ ചിലര്‍ അനിഷ്ട സംഭവങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നു.
ഇതില്‍ പോലീസിനെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് സോഷ്യല്‍മീഡിയയില്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ശബരിമലയില്‍ സംഭവിച്ചതെന്താണെന്ന് വ്യക്തമാക്കി പോസ്റ്റ് ചെയ്ത കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. കെജെ ജേക്കബ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ സര്‍ക്കാരും പോലീസും സന്നിധാനത്ത് പാലിച്ച സംയമനത്തേയും പ്രകോപിപ്പിക്കാന്‍ പരമാവധി ശ്രമിച്ച ആര്‍എസ്എസിനെയും വെളിപ്പെടുത്തുന്നുണ്ട്.
കെജെ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ചിത്തിര ആട്ടവിശേഷത്തിന്റെ രൂപത്തില്‍ അയ്യപ്പനായി കൊണ്ടുകൊടുത്ത ട്രയല്‍ റണ്‍ ഗംഭീര വിജയമാക്കിയ സംസ്ഥാന സര്‍ക്കാരിനും പോലീസിനും എന്റെ അഭിനന്ദനങ്ങള്‍.
ഒരു സെക്കുലര്‍ സര്‍ക്കാരിന് എന്താണ് ശബരിമല എന്ന ആരാധനാലയത്തില്‍ കാര്യം? ഒരു കാര്യവുമില്ല. പൊതുവിലുള്ള നിയമസമാധാന പാലനം ഉറപ്പാക്കണം. അത് പോലീസ് ചെയ്തിട്ടുണ്ട്. പിടിച്ചുപറിയോ കൊലപാതകമോ കത്തിക്കുത്തോ മോഷണമോ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഒരു ക്ഷേത്ര സന്നിധാനത്തിനു ചേരാത്ത വിധത്തില്‍ ലാത്തിചാര്‍ജോ വെടിവയ്‌പ്പോ എന്തിനു പോലീസ് ബലപ്രയോഗമോ ഉണ്ടായില്ല.
പിന്നെ എന്താണ് ഉണ്ടായത്? എന്താണ് നാട്ടുകാര്‍ കണ്ടത്?
ഒന്ന്: ആചാര സംരക്ഷണത്തിന് ബിജെപി-ആര്‍എസ്എസ് ശബരിമലയിലേക്കയച്ച നേതാവാരാണെന്നു നാട്ടുകാര്‍ കണ്ടു. അദ്ദേഹം എങ്ങിനെയാണ് പതിനെട്ടാം പടിയിലൂടെ ആരോ പറഞ്ഞതുപോലെ ‘എലവേറ്ററില്‍ നടക്കുന്നതുപോലെ നടന്നു’ ആചാരം സംരക്ഷിക്കുന്നത് എന്ന് കണ്ടു. അയാളുടെ ഗുണഗണങ്ങള്‍ കണ്ടു. ( പോരെങ്കില്‍ അയാളുടെ പേരില്‍ കൊലക്കേസടക്കം എത്ര കേസുകള്‍ ഉണ്ടെന്നു ആളുകള്‍ കണ്ടുപിടിച്ചു തുടങ്ങിയത് കണ്ടു.)
രണ്ട്: ആയിരത്തോളം അയ്യപ്പന്മാര്‍ സാധാരണ വരാറുള്ള ആട്ടവിശേഷത്തിനു കൂടുതലായി വന്നവര്‍ ആരാണെന്നു കണ്ടു. അവരെ ആരാണ് നിയന്ത്രിക്കുന്നത് എന്ന് കണ്ടു. ആര് പറഞ്ഞാലാണ് അവരടങ്ങുക എന്ന് കണ്ടു.
മൂന്ന്: ഒരു ഭക്തയെ ‘ഭക്തന്മാര്‍’ എങ്ങിനെയാണ് നേരിടുക എന്ന് കണ്ടു. എവിടാണ് പോലീസ്, അവരെന്തെടുക്കുന്നു എന്ന് ചിലരെങ്കിലും ചോദിക്കുന്നത് കണ്ടു.
നാല്: സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണം എന്ന് നുണ പറഞ്ഞു ആളുകളെ വഴിയിറക്കിയ, പോലീസ് നരനായാട്ടില്‍ അയ്യപ്പന്‍ കൊല്ലപ്പെട്ടു എന്ന് നുണ പറഞ്ഞു കലാപത്തിന് ആഹ്വാനം നല്‍കിയ, ശബരിമല അക്രമം സ്വന്തം അജണ്ടയാണെന്നു തുറന്നു പറഞ്ഞ, തന്ത്രിയെക്കൂട്ടി വീണ്ടും നുണ പറഞ്ഞ പിള്ള സാറിന്റെ സൗമ്യ മുഖം ഒരിക്കല്‍ക്കൂടി കണ്ടു.
അഞ്ച്: ഒരു ബലിദാനിയെക്കിട്ടാനായിട്ടുള്ള പരക്കം പാച്ചില്‍ കണ്ടു. അത് കിട്ടാത്തതിലുള്ള പരാക്രമം കണ്ടു. പോലീസ് ‘അതിക്രമ’ത്തിന്റെ ഫോട്ടോ ഷൂട്ട് കണ്ടു; അതിന്റെ ആളെ പോലീസ് പിടികൂടുന്നത് കണ്ടു.
ആറ്: ഇതൊക്കെ നടക്കുമ്പോഴും ഭക്തന്മാരുടെ വികാരത്തിനൊപ്പം നില്‍ക്കുന്നവരുടെ അമ്പരപ്പിക്കുന്ന മൗനം കണ്ടു.
ഇതില്‍ക്കൂടുതല്‍ സര്‍ക്കാരിനുവേണ്ടി അയ്യപ്പനായിട്ടു ഒന്നും ചെയ്തുകൊടുക്കാനില്ല.
അല്ലാതെ അങ്ങോട്ടേക്ക് സ്ത്രീകളെ കൊണ്ടുപോകലോ, ആര്‍എസ്എസ് ആഗ്രഹിക്കുന്ന വിധത്തില്‍ ഒരു ബലിദാനിയെ സൃഷ്ടിക്കലോ സര്‍ക്കാരിന്റെ പണിയല്ല. ഒരു ബലിദാനിക്കു അവരെത്ര ആഗ്രഹിക്കുന്നുണ്ട് എന്നാലോചിക്കു. കോഴിക്കോട്ടു ഒരു അയ്യപ്പന്‍ ഹാര്‍ട്ട് അറ്റാക്ക് വന്നു മരിച്ചപ്പോള്‍ അത് സര്‍ക്കാരിന്റെ തലയിലിട്ടു. ശിവദാസന്റെ മരണം സര്‍ക്കാരിന്റെയും പോലീസിന്റെയും തലയിലിട്ടു. അപ്പോള്‍പ്പിന്നെ സര്‍ക്കാരും പോലീസും എന്തിനധികം പോകണം? മുഖ്യമന്ത്രിയാണെങ്കില്‍ ഇന്നലെക്കൂടി പറഞ്ഞിട്ടുണ്ട്; കോടതി മറിച്ചൊരു വിധി പറഞ്ഞാല്‍ അതും നടപ്പാക്കുമെന്ന്.
***
സര്‍ക്കാര്‍ ശബരിമലയില്‍ ഇത്രയൊക്കെ ചെയ്താല്‍ മതി. എല്ലാവരും ആദ്യം അംഗീകരിച്ച ഒരു കോടതിവിധി നടപ്പാക്കും എന്ന് പറഞ്ഞു, അതിന്റെ പിറകിലെ ആശയത്തെ സ്വാഗതം ചെയ്തു; അതുമുന്നോട്ടു കൊണ്ടുപോകേണ്ട ആവശ്യത്തെപ്പറ്റി നാട്ടുകാരോടു പറഞ്ഞു; അതിനായി പ്രചാരണം നടത്തുന്നു.
എന്നുവച്ചാല്‍ ഇടതു പക്ഷത്തെ സംബന്ധിച്ച് ഇതൊരു ആശയപ്രചരണം മാത്രമേ ആകേണ്ടതുള്ളൂ: സ്ത്രീ-പുരുഷ സമത്വം എന്ന വളരെ അടിസ്ഥാനപരമായ ആശയം. നവോത്ഥാനത്തിന്റെ അടുത്ത ഘട്ടം. ആ ആശയം മാത്രമാണ് സര്‍ക്കാര്‍, ഇടതുമുന്നണിയും പ്രചരിപ്പിക്കേണ്ടത്. അതെത്രത്തോളം ആവശ്യമാണ് എന്ന് നാട്ടുകാരെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തേണ്ടത്.
ഇത് വരെ സര്‍ക്കാര്‍ അതുതന്നെയാണ് ചെയ്തത്. വലിയ പോലീസ് സന്നാഹം ഒരുക്കി ഒരു യുവതിയെയെങ്കിലും കയറ്റിയെ അടങ്ങൂ എന്ന പിണറായി വിജയന്റെ വാശിയാണ് ഇവിടെവരെ കൊണ്ടെത്തിച്ചത് എന്ന പ്രചാരണത്തിന് ഇനി നിലനില്‍പ്പില്ല. ഒരു യുവതിയെയും സര്‍ക്കാര്‍ കൊണ്ടുപോയില്ല; ഒരു പ്രകോപനവും ഉണ്ടാക്കിയില്ല. പോലീസുകാരികളെപ്പോലും അമ്പതു കഴിഞ്ഞവരെയാണ് അങ്ങോട്ട് നിയോഗിച്ചത്. സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി ഇക്കാര്യത്തില്‍ വ്യക്തമാണ്. ആട്ടവിശേഷം കഴിഞ്ഞു കണക്കെടുക്കുമ്പോള്‍ ആരുടെയൊക്കെ അജണ്ട എന്തൊക്കെയാണ് എന്ന കാര്യത്തില്‍ ഏകദേശം ഒരു തീരുമാനമായിട്ടുണ്ട്.
എന്നുവച്ചാല്‍, പോലീസിന്റെ ലാത്തിപ്പിടി കൊണ്ടോ തോക്കിന്‍കുഴലിലൂടെയോ അല്ല നവോത്ഥാനം പണ്ട് സംഭവിച്ചത്; ഇനി സംഭവിക്കേണ്ടതും. മറിച്ച് അതിന്റെ ആവശ്യം മനുഷ്യര്‍ക്ക് ബോധ്യപ്പെടുന്ന വിധത്തിലുള്ള പ്രചാരണത്തിലേക്കാണ് ഇടതുപക്ഷം ഇനി നീങ്ങേണ്ടത്.
‘നവോത്ഥാനം’ ഒരു സംജ്ഞയായി മാത്രം പരിചയമുള്ള ഒന്നുരണ്ടു തലമുറകള്‍ ഇവിടെയുണ്ട്. ഭരണഘടന എന്നത് ഏതോ ഒരു കൈപ്പുസ്തകമായി മാത്രം അറിയാവുന്നവര്‍ ഇവിടെയുണ്ട്; ആ ‘പണ്ടാരം’ കത്തിച്ചു കളയുന്ന കാലം വരുമെന്ന് പറയുമ്പോള്‍ കൈയടിക്കുന്നവരില്‍ ജന്മിയുടെ ചവിട്ടടിയില്‍ ചേറില്‍ മുക്കിക്കൊല്ലപ്പെട്ടവരുടെ പിന്‍തലമുറകളുണ്ട്. രാജാവും പുരോഹിതനും അവരുടെ മുറജപങ്ങളും ചേര്‍ന്ന് ഹോമിച്ച ജീവിതങ്ങളില്‍നിന്നും ഉയിര്‍കൊണ്ടിവിടെയവശേഷിച്ച പതിനായിരക്കണക്കിന് മനുഷ്യരുണ്ട്. സംബന്ധങ്ങളുടെയും അസംബന്ധങ്ങളുടെയും വിചിത്രനീതികളില്‍ ശ്വാസംമുട്ടിമരിച്ചവരുടെ പിന്മുറക്കാര്‍ എത്രവേണമെങ്കിലുമുണ്ട്.
അവരോടാണ്, അവരോടു മാത്രമാണ്, അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്തിമാരില്‍ ആറാമനായ പിണറായി വിജയനും അദ്ദേഹത്തിന്റെ പ്രസ്ഥാനവും മുന്നണിയും സംവദിക്കാന്‍ ശ്രമിക്കേണ്ടത്, അല്ലാതെ കുലസ്ത്രീകളോടും ഫക്-തന്‍മാരോടുമല്ല. ആ പണി തില്ലങ്കേരിമാര്‍ക്കു വിട്ടുകൊടുക്കുക. അവരായി, അവരുടെ പാടായി.
പിന്നെ,
പ്രളയം കൊണ്ട് ജീവിതം വഴിമുട്ടിനില്‍ക്കുന്ന ലക്ഷക്കണക്കിന് മനുഷ്യര്‍ ഈ നാട്ടിലുണ്ട്. അവര്‍ക്കു സര്‍ക്കാരല്ലാതെ മറ്റൊരാശ്രയമില്ലെന്നറിയണം. ആര്‍ത്തവചക്രമല്ല അവരുടെ പ്രശ്‌നം, ജീവിതം മുന്‍പോട്ടു കൊണ്ടുപോകാനുള്ള അവരുടെ ശ്രമങ്ങളില്‍ ഒരു കൈത്താങ്ങാണ്.
ഈശ്വര കടാക്ഷമല്ല, സര്‍ക്കാര്‍ നടപടി ആഗ്രഹിച്ചിരിയ്ക്കുന്ന മനുഷ്യരുണ്ട്. അവര്‍ക്കു നവോത്ഥാനത്തിന്റെ അടുത്ത അധ്യായം ഇറങ്ങുന്നതുവരെ കാത്തിരിക്കാനാവില്ല.
Discussion about this post